കായികമേളയിൽ സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷവും അധ്യാപക സംഘടനയും
Sunday, January 5, 2025 2:01 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ചാന്പ്യൻ സ്കൂൾ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ പ്രതിഷേധിച്ച രണ്ടു സ്കൂളുകൾക്ക് അടുത്ത കായികമേളയിൽ വിലക്ക് ഏർപ്പെടുത്തിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരേ പ്രതിപക്ഷം രംഗത്ത്.
സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്തയച്ചു. ഇതിനു പിന്നാലെ പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎയും സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.
ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നതു സ്വാഭാവികമാണെന്നും അധികാരത്തിൽ ഇരിക്കുന്നവർ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടതെന്നും പ്രതിപക്ഷനേതാവ് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.
പ്രതിഷേധിച്ചതിന്റെ പേരിൽ സ്കൂളുകളെ വിലക്കുന്നതിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായി മാറേണ്ട കായികതാരങ്ങളുടെ ഭാവിയാണ് ഇരുളടയുന്നത്. പരിശീലനം തുടരണമോ നിർത്തണോ എന്ന ആശയക്കുഴപ്പം കുട്ടികൾക്കും സ്കൂൾ മാനേജ്മന്റുകൾക്കും ഉണ്ടാകും.
കുട്ടികളുടെ ഭാവിയെ കരുതി ഈ തീരുമാനം പിൻവലിക്കുന്നതിന് മന്ത്രിയുടെ ഭാഗത്തുനിന്നു അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നതായും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി
സ്കൂൾ കായികമേളയിൽ ചാന്പ്യൻ പട്ടത്തെച്ചൊല്ലിയുള്ള തർക്കത്തിന്റെ ഭാഗമായി പ്രതിഷേധമുയർത്തിയ മാർ ബേസിൽ, നാവാമുകുന്ദ സ്കൂളുകളിലെ വിദ്യാർഥികൾക്കെതിരേ വിലക്കേർപ്പെടുത്തിയ നടപടി വളരെ കടുത്തതാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ അധ്യാപക സംഘടനായ കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
കുട്ടികൾക്കെതിരേ എടുത്ത കടുത്ത നടപടി പിൻവലിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.