ജാമിഅ നൂരിയ സമ്മേളനം: പാണക്കാട് കുടുംബത്തെ പ്രശംസിച്ച് ചെന്നിത്തല
Sunday, January 5, 2025 2:01 AM IST
പെരിന്തല്‍മണ്ണ: ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോഴെല്ലാം പാണക്കാട് തങ്ങള്‍മാരും പി.കെ. കുഞ്ഞാലിക്കുട്ടിയും സമാധാന സന്ദേശവുമായി എത്തുമെന്ന് മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല.
പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ ’ഗരീബ് നവാസ് ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദിന്റെ പേരില്‍ കേരളത്തില്‍ അക്രമം നടക്കാതിരുന്നത് പാണക്കാട് ശിഹാബ് തങ്ങളുടെ മഹനീയ നേതൃത്വം കേരളത്തില്‍ ഉണ്ടായിരുന്നത് കൊണ്ടാണ്.
ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത് ജനങ്ങളെ അകറ്റനാണ്. പാണക്കാട് തങ്ങള്മാര് എന്നും മതസൗഹാര്‍ദത്തിന് വേണ്ടി നിലനിന്നിട്ടുള്ളവരാണ്. മാര്‍പാപ്പയുമായി സാദിഖലി തങ്ങള്‍ കൈകൊടുത്ത് നില്ക്കുന്ന ചിത്രം കണ്ടപ്പോള്‍ സന്തോഷം തോന്നി. എല്ലാ മതങ്ങളെയും ഒന്നിപ്പിക്കുന്നതാണ് പാണക്കാട് തങ്ങള്‍മാരുടെ പാരമ്പര്യം.
സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് പട്ടിക്കാട് ജാമിഅ നൂരിയയില്‍ ഉയരുന്നതെന്നും മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും മഹത്തായ സന്ദേശം കേരളത്തിലും പുറത്തും എത്തിക്കാന്‍ കഴിയുന്ന മഹത്തായ സ്ഥാപനമായി ഇത് വളര്‍ന്ന് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
എം.കെ.മുനീര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.