അഭിമാനം; അഞ്ചിലൊന്ന് ട്രാക്കുകളിൽ ട്രെയിൻ വേഗം 130 കിലോമീറ്ററാക്കി
Sunday, January 5, 2025 2:01 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്തെ അഞ്ചിലൊന്ന് ട്രാക്കുകളിൽ ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററായി ഉയർത്തി റെയിൽവേ. കഴിഞ്ഞ വർഷം നടത്തിയ സമയബന്ധിത പ്രവർത്തനങ്ങളിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് സാധിച്ചത്.
ഇതിനായി 23,000 ട്രാക്ക് കിലോമീറ്ററുകൾ നവീകരിച്ചു. ഫെൻസിംഗ്, ആധുനിക സിഗ്നലിംഗിംഗ് സംവിധാനങ്ങൾ എന്നിവയടക്കമുള്ള മെച്ചപ്പെട്ട സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയതും വേഗം വർധിപ്പിക്കുന്നതിൽ സഹായകമായ നിർണായക ഘടകങ്ങളാണ്.
ഇന്ത്യൻ റെയിൽവേയുടെ 1.03 ലക്ഷം ട്രാക്ക് കിലോമീറ്റർ ശൃംഖലയിൽ 23, 000 കിലോമീറ്ററുകളും ഇപ്പോൾ മണിക്കൂറിൽ 130 കിലോമീറ്റർ സ്പീഡിൽ ട്രെയിനുകൾ ഓടിക്കാൻ യോഗ്യമായിക്കഴിഞ്ഞു. ഇതു കൂടാതെ 54,337 ട്രാക്ക് കിലോമീറ്ററുകളിൽ 110 കിലോമീറ്റർ വേഗത്തിൽ വണ്ടികൾക്ക് സഞ്ചരിക്കാൻ കഴിയുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
നടപ്പു സാമ്പത്തികവർഷം 5,000 ട്രാക്ക് കിലോമീറ്ററുകളിലൂടെയുള്ള വേഗം 110 ആയി ഉയർത്തുക എന്നതാണ് ലക്ഷ്യം. ഇതിൽ 2,741 കിലോമീറ്റർ നെറ്റ് വർക്കിന്റെ വേഗം 110 കിലോമീറ്ററായി ഉയർത്തിക്കഴിഞ്ഞു.
ഇതു കൂടാതെ ചില പ്രധാന സ്ട്രെച്ചുകളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗമുള്ള സെമി- ഹൈസ്പീഡ് ട്രെയിനുകൾക്കായി വേഗം കൂട്ടുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.