വെന്റിലേറ്ററില്‍നിന്നു മാറ്റി, ഉമ തോമസ് തീവ്രപരിചരണത്തിൽ തുടരും
Sunday, January 5, 2025 2:01 AM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍നിന്നു വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍നിന്നു മാറ്റി.
അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലാത്തതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കി. അപകടം നടന്ന് ആറു ദിവസത്തിന് ശേഷമാണ് വെന്റിലേറ്ററില്‍ നിന്നു മാറ്റുന്നത്.
ശ്വാസകോശത്തിനു പുറത്ത് നീര്‍ക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഉമ തോമസ് മക്കളോടും ഡോക്ടര്‍മാരോടും സംസാരിച്ചു. ഇന്നലെ രാവിലെ 11 ഓടെയാണ് ഉമ തോമസിനെ വെന്റിലേറ്ററില്‍നിന്നു മാറ്റിയത്.
ആശുപത്രിയില്‍ എത്തിച്ചതു മുതല്‍ വെന്റിലേറ്റര്‍ സഹായത്തിലാണ് കഴിഞ്ഞിരുന്നത്. നീർക്കെട്ടുണ്ടെങ്കിൽ കൂടി ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കി. ഉമ തോമസ് കഴിഞ്ഞ ദിവസം എഴുന്നേറ്റ് ചാരിയിരുന്നിരുന്നു.
"വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’- പ്രതീക്ഷയുണര്‍ത്തി എംഎല്‍എയുടെ കുറിപ്പ്
പ്രതീക്ഷ ഉണര്‍ത്തി ഇന്നലെ രാവിലെ ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ഉമ തോമസ് എംഎല്‍എ മക്കള്‍ക്ക് കുറിപ്പ് എഴുതി നല്‍കിയിരുന്നു.
‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്. കഴിഞ്ഞ ദിവസം ഉമ എഴുന്നേറ്റിരുന്നു. തുടര്‍ന്നാണ് മക്കളോട് പറയാനുള്ള കാര്യങ്ങള്‍ കത്തായി എഴുതിയത്.
വാടകവീട്ടില്‍നിന്ന് എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയതാണ് കുറിപ്പ്.
പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടക വീട്ടിലാണ് ഉമ തോമസ് എംഎല്‍എയും മക്കളും താമസിച്ചിരുന്നത്. പണി പൂര്‍ത്തിയായി സ്വന്തം വീട്ടിലേക്ക് മാറാന്‍ ഇരിക്കുന്നതിനിടെയാണ് അപകടം. വീട് മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സൂചിപ്പിച്ചാണ് കുറിപ്പ്.