മുനമ്പത്ത് ചരിത്രമായി മനുഷ്യച്ചങ്ങല; കാല് ലക്ഷം പേർ അണിനിരന്ന ു
സ്വന്തം ലേഖകൻ
Monday, January 6, 2025 4:46 AM IST
വൈപ്പിന്‍ (കൊച്ചി): സ്വന്തം കിടപ്പാടത്തില്നിന്നു കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈപ്പിന്‍ ബേസിക് ക്രിസ്റ്റ്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യച്ചങ്ങല ചരിത്രമായി. വൈപ്പിന്‍ സംസ്ഥാന പാതയില്‍ ഫോര്‍ട്ട് വൈപ്പിന്‍ മുതല്‍ മുനമ്പം ഭൂസമരപ്പന്തല്വരെയുള്ള 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ കാല് ലക്ഷത്തിലധികം ആളുകളാണു കണ്ണികളായത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ കോട്ടപ്പുറം, കൊച്ചി രൂപതകളുടെയും വരാപ്പുഴ, എറണാകുളം-അങ്കമാലി അതിരൂപതകളുടെയും കീഴിലുള്ള ഇടവകകളില്‍ നിന്നെത്തിയവര്‍ പാതയോരത്ത് അണിനിരന്നു. തുടർന്ന് നാലോടെ കൈയോടു കൈ ചേര്‍ത്ത് ചങ്ങല തീര്‍ക്കുകയായിരുന്നു.
മുനമ്പം കടപ്പുറം സമരപ്പന്തലില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മനുഷ്യ ചങ്ങലയില്‍ ആദ്യകണ്ണിയായി. ചിലയിടങ്ങളില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരും മറ്റു പൊതുപ്രവര്‍ത്തകരും കണ്ണികളായി. ആളുകളുടെ ബാഹുല്യംകൊണ്ട് പലയിടങ്ങളിലും മനുഷ്യമതിലുകളാണ് ദൃശ്യമായത്.
ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, പാഷനിസ്റ്റ് സെന്റ് തോമസ് വൈസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് ഏനാമറ്റത്തില്, ജനറല്‍ കൗണ്‍സിലര്‍ ഫാ. പോള്‍ ചെറുകോടത്ത്, സുല്‍ത്താന്‍പേട്ട് രൂപത പിആര്‍ഒ ഫാ. മെജോ നെടുംപറമ്പില്‍, കടപ്പുറം വേളാങ്കണ്ണി പള്ളി വികാരി ഫാ.ആന്റണി സേവ്യര്‍ തറയില്‍, സഹവികാരി ആന്റണി തോമസ് പോളക്കാട്ട്, ഫാ. ജോസ് കുര്യാപ്പിള്ളി, ഫാ. ജോസഫ് മാളിയേക്കല്‍, പാഷനിസ്റ്റ് സഭാ വൈദികര്‍ തുടങ്ങിയവര്‍ മുനമ്പത്ത് മനുഷ്യച്ചങ്ങലയില്‍ കണ്ണിചേര്‍ന്നു. ഫോര്‍ട്ട് വൈപ്പിനില്‍ നടന്ന ഉദ്ഘാടനത്തില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം മുനമ്പം സമരപ്പന്തലില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യച്ചങ്ങലയ്ക്കു ശേഷം വൈപ്പിന്കരയിലെ വിവിധ ഇടവകകളില്‍ മുനമ്പം കടപ്പുറം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങളും നടന്നു.