ഭരണകൂടഭീകരതയെന്ന് അന്‍വര്‍
Monday, January 6, 2025 5:04 AM IST
നിലമ്പൂര്‍: ഭരണകൂട ഭീകരതക്കെതിരേ പ്രതിഷേധിക്കണമെന്ന് പി.വി. അന്‍വര്‍ എം എൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. കരുളായി വനത്തില്‍ ആദിവാസി യുവാവ് മണി (38) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി ഒതായിയിലെ വീട്ടിലും പരിസരത്തുമായി വന്‍ പോലീസ് സന്നാഹമാണെത്തിയത്.
ശനിയാഴ്ച രാത്രി ആദിവാസി യുവാവ് മരിച്ച സംഭവത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷന് ഓഫീസിന്റെ പൂട്ടുതകര്‍ത്ത് അകത്തുകയറിയത്. സമരക്കാര്‍ ഓഫീസിലെ കസേരയും ബള്‍ബുകളും തല്ലിത്തകര്‍ത്തു. തുടര്‍ന്ന് ഓഫീസിനു മുന്നില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ഇതിനിടെ അക്രമം തടയാനെത്തിയ പോലീസുകാരനെ സമരക്കാര്‍ മര്‍ദിച്ചതായും പരാതിയുണ്ട്. നിലമ്പൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ എത്തിയത്. അതേസമയം, അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണെന്നും അന്‍വര്‍ പറഞ്ഞു.
ഒരു എംഎല്‍എക്ക് ഇതാണ് അവസ്ഥയെങ്കില്‍ പിണറായി വിജയനെതിരേ പ്രസംഗിക്കുന്നവരുടെ ഗതി എന്താകുമെന്നും അറസ്റ്റിന് മുമ്പ് എംഎല്‍എ പ്രതികരിച്ചു. താന്‍ നിയമസഭാ സമാജികനാണ്. അറസ്റ്റിന് വഴങ്ങുമെന്നും ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഒരു ജില്ലയിലെ പോലീസ് സന്നാഹം ഒന്നാകെ തന്റെ വീടിന് മുന്നിലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
അറസ്റ്റിനെത്തുടര്‍ന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. രാത്രി പത്തു മണിയോടെ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ എംഎല്‍എയെ എത്തിച്ച് പോലീസ് വൈദ്യപരിശോധന നടത്തി.