1840 അമ്മമാരുടെ വിസ്മയ ചുവടുവയ്പില്‍ മെഗാമാര്ഗംകളി സൂപ്പര്‍ഹിറ്റായി
Sunday, January 5, 2025 2:01 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: ചട്ടയും മുണ്ടും കവണിയും കാതില്‍ കുണുക്കും കഴുത്തില്‍ കാശുമാലയും അണിഞ്ഞ് 1840 അമ്മമാര്‍ കലയുടെ മാര്ഗതാളത്തില് ചുവടുവച്ചു.
അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ എസ്ബി കോളജ് അങ്കണത്തില്‍ സംഘടിപ്പിച്ച മാര്‍ഗംകളി സൂപ്പര്‍ഹിറ്റായി. അമ്മമാരുടെ വേഷത്തിലും താളത്തിലും നിശ്ചയദാര്‍ഢ്യത്തിലും മാര്‍ഗംകളി 10മിനിറ്റ് 45സെക്കന്റില്‍ ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റിക്കാർഡിൽ ഇടംനേടി.
ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025ാം വര്ഷജൂബിലിയുടെ ഭാഗമായാണ് കേരളത്തിലെ മാര്‍ തോമാ ക്രൈസ്തവരുടെ തനതുകലയായ മാര്‍ഗംകളി മാതൃവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 4.30ന് എസ്ബി കോളജ് മൈതാനിയില്‍ അരങ്ങേറിയത്. ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ഗംകളിയെന്ന പുരാതന ക്രൈസ്തവ കലാരൂപത്തെ പൊതുസമൂഹത്തിനു കൂടുതല്‍ പരിചയപ്പെടുത്താനും ഇളം തലമുറയില്‍ ഇതിന് കൂടുതല്‍ പ്രചാരം നല്കാനുംവേണ്ടിയാണ് മാതൃവേദി ഇത്തരമൊരു മെഗാമാര്ഗംകളി ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. ചങ്ങനാശേരി അതിരൂപതയിലെ 18 ഫൊറോനകളിലെ 250തോളം യൂണിറ്റുകളിലെ അമ്മമാരാണ് മെഗാ മാര്‍ഗംകളിയില്‍ അണിനിരന്നത്.
അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ആന്റണി എത്തയ്ക്കാട്ട്, ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ജോബ് മൈക്കിള്‍ എംഎല്‍എ, മാതൃവേദി അതിരൂപതാ പ്രസിഡന്റ് ബീന ജോസഫ്, പിതൃവേദി പ്രസിഡന്റ് ജിനോദ് ഏബ്രഹാം, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍സെക്രട്ടറി ഡോ. രേഖ മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.