മുഖ്യമന്ത്രിയുടെ കടുത്ത നിലപാട് മന്ത്രിമാറ്റ ആവശ്യത്തിൽനിന്ന് പിന്മാറി എൻസിപി
സ്വന്തം ലേഖകൻ
Monday, January 6, 2025 5:15 AM IST
തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്നു നീക്കാനുള്ള എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുടെ നീക്കം പാളി. മന്ത്രിമാറ്റ ആവശ്യവുമായി എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പല തവണ നേരിട്ട് രംഗത്തിറങ്ങിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച കടുത്ത നിലപാടാണ് എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റാനുള്ള നീക്കം ദ പരാജയപ്പെടാനുള്ള കാരണം.
എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ. തോമസ് എംഎൽഎയും മന്ത്രിമാറ്റം എന്ന ആവശ്യവുമായി നിരവധി തവണ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടിട്ടും വഴങ്ങാതെ വന്നതോടെയാണ് മന്ത്രിമാറ്റ ആവശ്യം ഉപേക്ഷിച്ച് രണ്ടു പക്ഷത്തേയും എൻസിപി നേതാക്കൾ ഒന്നിച്ചു നീങ്ങാനുള്ള ഒടുവിലത്തെ തീരുമാനമുണ്ടായത്.
രണ്ടാം പിണറായി സർക്കാരിന് ഒരു വർഷവും നാലു മാസവും മാത്രം കാലാവധി അവശേഷിച്ചിരിക്കേ ഇനിയൊരു മന്ത്രിമാറ്റം ഇടതു മുന്നണിക്ക് ഗുണം ചെയ്യില്ലെന്നു മാത്രമല്ല, കൂടുതൽ ദോഷകരമാകുമെന്ന നിലപാടാണ് മന്ത്രിമാറ്റം തള്ളാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നാണു വിവരം. മന്ത്രിസ്ഥാനത്തുനിന്നു തന്നെ മാറ്റിയാൽ എംഎൽഎ സ്ഥാനവും ഉപേക്ഷിക്കുമെന്നായിരുന്നു എ.കെ. ശശീന്ദ്രന്റെ ഭീഷണി.
തദ്ദേശ തെരഞ്ഞെടുപ്പു മുന്നിലെത്തി നിൽക്കേ എ.കെ. ശശീന്ദ്രൻ എംഎൽഎ സ്ഥാനം കൂടി രാജിവച്ചാൽ, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന എലത്തൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമോ എന്ന ആശങ്കയും മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കുമുണ്ട്. മന്ത്രിയുടെ സിറ്റിംഗ് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്താൽ വരുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി കടുത്ത സമ്മർദത്തിലാകുമെന്ന സന്ദേഹവും മന്ത്രിമാറ്റം തള്ളാനുള്ള പ്രധാന കാരണമായി. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ കൂടിയായ എ.കെ. ശശീന്ദ്രൻ വനം വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. വന്യമൃഗ ആക്രമണം അടക്കം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന വകുപ്പാണിത്. തോമസ് കെ. തോമസിന് വനം വകുപ്പു കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയുണ്ടോയെന്ന സംശയവുമുണ്ടായി. എന്നാൽ ഏതു വകുപ്പു നൽകാൻ കഴിയുമെന്ന കാര്യത്തിലും ആശങ്കയുണ്ടായി. മന്ത്രിമാറ്റത്തിനായി പി.സി. ചാക്കോ മുന്നിട്ടിറങ്ങിയതിലെ സംശയവും മറ്റൊരു വഴിക്കു രൂപപ്പെട്ടു.
മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് എൻസിപി സംസ്ഥാന നേതൃത്വത്തിലും കടുത്ത ഭിന്നത നിലനിന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ മാത്രമാണ് മന്ത്രിമാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ചത്. മന്ത്രിമാറ്റം വേണമെന്നു എൽഡിഎഫിലെ ഘടകകക്ഷി നേതാവ് ആവശ്യം ഉന്നയിച്ചിട്ടും നിർദേശം മുഖ്യമന്ത്രി അംഗീകരിക്കാതിരുന്നതിനാൽ ഇടതു മുന്നണിക്കും ഇക്കാര്യത്തിൽ പിണറായി വിജയന്റെ നിലപാടിനൊപ്പം നിൽക്കേണ്ടി വന്നു.