മണിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
Monday, January 6, 2025 5:04 AM IST
നിലമ്പൂര്‍: കരുളായി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവാവ് മണി (38)യുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രന്. മന്ത്രിയുടെ ഉത്തരവ് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാലാണ് പ്രഖ്യാപിച്ചത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്.
ആദ്യഗഡുവായ അഞ്ച് ലക്ഷം ഇന്ന് കൈമാറും. ബാക്കി അഞ്ച് ലക്ഷം ഉടന്‍ തന്നെ അവകാശിക്ക് നല്‍കും. മണിയുടെ ഭാര്യക്ക് വനംവകുപ്പ് താത്കാലിക ജോലി നല്‍കും. മണിയുടെ അസുഖബാധിതയായ കുട്ടി ഉള്‍പ്പെടെ അഞ്ച് മക്കളുടെയും ചികിത്സാചെലവ്, പഠന ചെലവ് എന്നിവ വനംവകുപ്പ് നല്‍കുമെന്നും ഡിഎഫ്ഒ പറഞ്ഞു.
മണി കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിവരം അറിഞ്ഞപ്പോള്‍ തന്നെ വനം ഉദ്യാഗസ്ഥർ വനത്തിലേക്ക് പുറപ്പെട്ടുവെന്ന് ഡിഎഫ്ഒ പറഞ്ഞു.
ഉടന്‍ ടാക്സി വാഹനത്തില്‍ നെടുങ്കയത്ത് എത്തിച്ചശേഷം ആംബുലന്‍സില്‍ നിലമ്പൂരിലേക്ക് കൊണ്ടുവന്നു. ചന്തക്കുന്ന് എത്തുന്നതു വരെ മണി സംസാരിച്ചിരുന്നു.
ആശുപത്രിയില്‍ എത്തിക്കാന്‍ താമസം വരുത്തിയില്ലെന്നും ഡിഎഫ്ഒ പറഞ്ഞു. അതേസമയം മന്ത്രിയുടെ ഉത്തരവില്‍ വിശ്വാസമില്ലെങ്കിലും ഡിഎഫ്ഒയുടെ വാക്ക് വിശ്വസിച്ച് സമരം തത്കാലം അവസാനിപ്പിക്കുകയാണെന്ന് പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞു.