വയനാട് ടൗണ്‍ഷിപ്പ്: സ്പോണ്‍സർമാർക്കായി പ്രത്യേക ഓഫീസ് യൂണിറ്റ് ഒരുക്കും
Sunday, January 5, 2025 2:01 AM IST
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിലെ വീടുകൾ സ്പോണ്സർ ചെയ്തവരുടെ പ്രശ്നങ്ങൾ ലഘൂകരിക്കാൻ പ്രത്യേക ഓഫീസ് യൂണിറ്റ് ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പ്രത്യേക യൂണിറ്റുണ്ടാകും.
സ്പെഷൽ ഓഫീസറെ നിയമിക്കുമെന്നും ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച അറിയിപ്പുണ്ടായത്.
സ്പോണ്‍സർഷിപ്പിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വെബ്പോർട്ടൽ തയാറാക്കും. നിലവിലുള്ള സ്പോണ്‍സർമാരുടെ വിവരങ്ങളും ഭാവി സ്പോണ്‍സർമാർക്കുള്ള ഓപ്ഷനും അതിൽ ലഭ്യമാക്കും.
ഓരോരുത്തർക്കും സ്പോണ്സർ ഐഡി നൽകും. ഓണ്‍ലൈൻ പേയ്മെന്റ് ഓപ്ഷനുമുണ്ടാകും. സ്പോണ്‍സർഷിപ്പ് മാനേജ്മെന്റിനായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി പ്രവർത്തനം അവലോകനം ചെയ്യും.