ക്ഷേമപെൻഷൻ തട്ടിപ്പ്; 31 പേരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തു
Sunday, January 5, 2025 2:01 AM IST
തിരുവനന്തപുരം: ക്ഷേമപെൻഷൻ കൈപ്പറ്റി തട്ടിപ്പു നടത്തിയ പൊതുമരാമത്തു വകുപ്പിലെ ഓവർസിയർ ഉൾപ്പെടെ 31 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇവരിൽനിന്ന് 18 ശതമാനം പിഴ സഹിതം ഈടാക്കാനും നിർദേശിച്ചു.
പൊതുമരാമത്ത് വകുപ്പിലെ 47 ജീവനക്കാർ സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റിയതായി ധനവകുപ്പു കണ്ടെത്തിയിരുന്നു. ഇവരിൽ 31 പേരെയാണ് സസ്പെൻഡ് ചെയ്തത്. മറ്റുള്ളവർക്കെതിരേ നടപടി അടുത്ത ദിവസങ്ങളിൽ സ്വീകരിക്കും.
കൊടുവള്ളി സെക്ഷനിലെ മൂന്നാം ഗ്രേഡ് ഓവർസിയർ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് അച്ചടക്ക നടപടി. പാർട്ട് ടൈം സ്വീപ്പർ, കുക്ക് കം വാച്ച്മാൻ, ഓഫീസ് അറ്റൻഡന്റ്, ഗാർഡനർ, കെയർ ടേക്കർ തുടങ്ങിയ തസ്തികകളിലുള്ളവരും അച്ചടക്കനടപടി നേരിട്ടവരിലുൾപ്പെട്ടിട്ടുണ്ട്.