തൃശൂര്‍ പൂരം: പോലീസിനു വീഴ്ചയെന്ന് റിപ്പോർട്ട്
Monday, January 6, 2025 5:04 AM IST
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ചയുണ്ടായതായി എഡിജിപി മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ട്. പോലീസിനെ കൂടാതെ റവന്യു, വനംവകുപ്പ്, എക്സപ്ലോസീവ് വിഭാഗം എന്നീ വകുപ്പുകളുടെ ഭാഗത്തും വീഴ്ചകളുണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്. പൂരം കാര്യക്ഷമമായി നടത്തുന്നതിനുള്ള ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് എഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചു.
വിവിധ വകുപ്പുകളുടെ ഭാഗത്തുള്ള വീഴ്ചകള്‍ ഒഴിവാക്കുന്നതിനുള്ള ശിപാര്‍ശകളും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ട് നടത്തുന്നവര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും എക്സ്പ്ലോസീവ് വിഭാഗം ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിലായിരിക്കണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ത്രിതല അന്വേഷണമാണ് പ്രഖ്യാപിച്ചിരുന്നത്. പൂരം അട്ടിമറിയിലെ ഗൂഢാലോചന ക്രൈംബ്രാഞ്ചും എഡിജിപി എം.ആര്. അജിത്കുമാറിന്റെ വീഴ്ച സംസ്ഥാന പോലീസ് മേധാവിയും പോലീസ് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളുടെ വീഴ്ച എഡിജിപി മനോജ് ഏബ്രഹാമുമാണ് അന്വേഷിച്ചത്.