വനനിയമ ഭേദഗതി : നിർദേശങ്ങൾ 10 വരെ സമർപ്പിക്കാം
Sunday, January 5, 2025 2:01 AM IST
തിരുവനന്തപുരം: കേരള വനനിയമ ഭേദഗതി ബിൽ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാരിനെ അറിയിക്കാനുള്ള തീയതി 10വരെ ദീർഘിപ്പിച്ചതായി വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
2024 ഡിസംബർ 31 വരെയായിരുന്നു നിർദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി. ബില്ലിന്റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാകാൻ താമസിച്ചതിനാലാണ് കാലാവധി ദീർഘിപ്പിക്കുന്നത്.
നിർദേശങ്ങൾ വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വിലാസത്തിലോ ഇമെയിൽ വിലാസത്തിലോ സമർപ്പിക്കാം. ഇപ്പോൾ നിലവിലുള്ള നിയമം മനസിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കേണ്ടതാണ്.
പ്രസിദ്ധീകരിച്ച ബിൽ കേരള നിയമസഭയുടെ www.niyamasabha.org വെബ്സൈറ്റിൽ ലഭ്യമാണ്.