ജുഡീഷൽ കമ്മീഷനു മുന്നിൽ ആവലാതികളുമായി മുനന്പം ജനത
Sunday, January 5, 2025 2:01 AM IST
മുനന്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾക്കായി പോരാടുന്ന മുനമ്പം ജനത, ജുഡീഷൽ കമ്മീഷനു മുന്നിൽ ആവലാതികളും ആശങ്കകളും പങ്കുവച്ചു.
വഖഫ് അവകാശവാദമുയർത്തിയ പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ കമ്മീഷൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ, മുനമ്പം വേളാങ്കണ്ണി പള്ളിയങ്കണത്തിലെ സമരപ്പന്തലിലെത്തി ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു.
കമ്മീഷൻ ഇന്നലെ രാവിലെയാണ് പ്രദേശത്തെത്തിയത്. കുട്ടികളും വയോധികരുമുൾപ്പെടെയുള്ളവർ തങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നിവേദനങ്ങളായി കമ്മീഷനു സമർപ്പിച്ചു.
വേളാങ്കണ്ണി പള്ളി വികാരി ഫാ. ആന്റണി തറയിൽ, സമര സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ, കൺവീനർ ജോസഫ് ബെന്നി എന്നിവർ ചേർന്ന് കമ്മീഷനെ സ്വീകരിച്ചു. ഫോർട്ട് കൊച്ചി സബ്കളക്ടർ കെ. മീര, തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, പള്ളിപ്പുറം വില്ലേജ് ഓഫീസർ ജാൻസി ജോസ്, കുഴുപ്പിള്ളി വില്ലേജ് ഓഫീസർ കെ.എം. നജ്മ എന്നിവരും കമ്മീഷനൊപ്പമുണ്ടായിരുന്നു.
വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ കമ്മീഷന് ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൻ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി, എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡന്റ് മുരുകൻ കാതികുളത്ത് എന്നിവർ പ്രശ്നങ്ങളുടെ വ്യാപ്തി വിശദീകരിച്ചു. പറവൂർ - വൈപ്പിൻ മേഖല വഖഫ് ഭൂമി സംരക്ഷണ സമിതിയും കമ്മീഷനു നിവേദനം നൽകി.
“മക്കളുടെ വിവാഹംപോലും ഒഴിഞ്ഞു പോകുന്നു!” സങ്കടത്തോടെ അമ്മമാർ
ചെറായി: സ്വന്തമായുണ്ടായിരുന്ന തുണ്ടുഭൂമിയുടെ അവകാശം റദ്ദായതോടെ ഞങ്ങളുടെ മക്കളുടെ വിവാഹം പോലും ഒഴിഞ്ഞുപോകുകയാണു സർ..! മുനമ്പം ഭൂമി തർക്കം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷനു മുമ്പിൽ ഇവിടുത്തെ അമ്മമാരുടെ പരിദേവനങ്ങളിലൊന്നായിരുന്നു ഇത്.
ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഭൂമി പണയപ്പെടുത്തി വായ്പ എടുക്കാൻ പറ്റാത്തതിനാൽ തങ്ങളുടെ മക്കളുടെ ഭാവി തന്നെ പ്രതിസന്ധിയിലാണെന്നു സങ്കടം പറഞ്ഞപ്പോൾ പലരുടെയും കണ്ഠമിടറുന്നുണ്ടായിരുന്നു. 1960 കളിൽ ഫാറൂഖ് കോളജ് എന്ന വാക്കായിരുന്നു പേടിസ്വപ്നമായിരുന്നതെങ്കിൽ ഇപ്പോൾ വഖഫ് ആണ് ഭയപ്പെടുത്തുന്നത്.
അന്തിയുറങ്ങാനായി പാവപ്പെട്ട മത്സ്യത്തൊഴിലാളികളായ ഞങ്ങൾ പണം കൊടുത്ത് വാങ്ങിയ ഭൂമിയാണിത്. ജീവിതത്തിലെ ഏക സമ്പാദ്യമായ ഈ കിടപ്പാടം കടലും കാറ്റും കവരാതെ ഇതുവരെ സംരക്ഷിച്ചു വന്നു. ഇതിനിടയിലാണ് പുതിയ അവകാശികൾ എത്തിയിരിക്കുന്നത്.
ഭൂമിയുടെ അവകാശം റദ്ദ് ചെയ്തതോടെ സ്വതന്ത്ര ഇന്ത്യയിൽ കഴിഞ്ഞ രണ്ടര വർഷമായി ഞങ്ങൾ തുറന്ന ജയിലിലാണെന്നും കമ്മീഷൻ മുമ്പാകെ മുനമ്പത്തെ പ്രശ്നബാധിതർ പറഞ്ഞു.