സ്വകാര്യബസിലെ ജോലിക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കി
Sunday, January 5, 2025 2:01 AM IST
റെനീഷ് മാത്യു
കണ്ണൂർ: സ്വകാര്യബസുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ഗതാഗതവകുപ്പ്. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
നിർദേശങ്ങൾ ഇങ്ങനെ:
സ്വകാര്യബസിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർ ക്രിമിനൽ കേസിൽ പ്രതിയല്ലെന്നും സാമൂഹ്യവിരുദ്ധരല്ലെന്നും ഉറപ്പാക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ടിക്കറ്റ് കൊടുക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പിടിച്ചെടുത്ത് പെർമിറ്റ് റദ്ദാക്കും.
സ്വകാര്യബസുകൾ മുഖേനയുണ്ടാകുന്ന അപകടങ്ങളിൽ മാരകമായ പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ ഡ്രൈവറുടെ അശ്രദ്ധ കൊണ്ടാണോയെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ അന്വേഷിക്കും.
ഡ്രൈവറുടെ അശ്രദ്ധകൊണ്ടാണെങ്കിൽ ലൈസൻസ് ആറുമാസം സസ്പെൻഡ് ചെയ്യും. കൂടാതെ, വാഹനത്തിന്റെ പെർമിറ്റ് ആറുമാസത്തേക്ക് റദ്ദാക്കാനുള്ള ശിപാർശ ആർടിഎ മീറ്റിംഗിൽ നൽകി നടപടിയെടുക്കുകയും വേണം.
യാത്രക്കാരോട്, പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും നല്ല രീതിയിൽ പെരുമാറുന്നതിനും വാഹനത്തിന്റെ ഡോർ അടച്ച് സർവീസ് നടത്തുന്നതിനും ബസ് ജീവനക്കാർക്ക് ട്രെയിനിംഗ് നൽകണം.
കൂടാതെ, എല്ലാ സ്വകാര്യ ബസ് ഡ്രൈവർമാർക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ ഘട്ടംഘട്ടമായി പരിശീലനം നല്കണം.
ബസിന്റെ പിറകിൽ വാഹന ഉടമയുടെ ഫോൺ നന്പറും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നന്പരും വ്യത്യസ്ത കളറുകളിൽ രേഖപ്പെടുത്തണം.
ബസിനെക്കുറിച്ചുള്ള പരാതികൾ ഈ നന്പറിൽ അറിയിക്കാവുന്നതാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബസ് സ്റ്റാൻഡുകളിൽ ടൂറിസ്റ്റ് ബസുകൾ പാർക്ക് ചെയ്താൽ കർശന നടപടി എടുക്കും.