സുകുമാരൻ നായർക്ക് എതിരേ പ്രതിഷേധവുമായി ഗുരുപ്രചാരണ സഭ
Sunday, January 5, 2025 2:01 AM IST
ചാത്തന്നൂർ: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ചും ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധർമ പ്രചാരണ സഭ രംഗത്ത്.
ഷർട്ട് ധരിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് ശിവഗിരി തീർഥാടന വേദിയിൽ വച്ച് ധർമ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദമാവുകയും എൻഎസ്എസ് ക്ഷേത്ര ആചാരങ്ങൾ നിലനിർത്തണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ ശക്തമായ ഭാഷയിലാണ് ഗുരു ധർമ പ്രചാരണ സഭയുടെ വിമർശനം. കാലാനുസൃതമായ സാമൂഹ്യമാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത സുകുമാരൻ നായരെപ്പോലെയുള്ള വ്യക്തികൾ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് തുടരുന്നതിനെ അപലപിക്കേണ്ടതാണെന്ന് ഗുരുധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി അഭിപ്രായപ്പെട്ടു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിറ്റുകൾ തോറും പരമാവധി ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാനും അതിന് മാധ്യമങ്ങളിലൂടെ പരമാവധി പ്രചാരണം നല്കാനും സ്വാമി അസംഗാനന്ദ ഗിരി കീഴ്ഘഘടകങ്ങൾക്ക് സർക്കുലറിലൂടെ നിർദേശം നൽകി.