മനക്കരുത്തിനു മുന്നില്‍ ശ്വാസതടസം തോറ്റു
Monday, January 6, 2025 4:46 AM IST
തിരുവനന്തപുരം: ശ്രീവിദ്യ ഓടക്കുഴലിലൂടെ ത്യാഗരാജകീര്‍ത്തനം വായിക്കുമ്പോള്‍ ശ്വാസമടക്കി പ്രാര്‍ഥനയോടെയാണ് അവര്‍ സദസിലിരുന്നത്. ശ്വാസതടസം നേരിടുന്ന ശ്രീവിദ്യയുടെ ഓടക്കുഴല്‍ വായന തടസമില്ലാതാക്കണേ എന്നായിരുന്നു പ്രാര്‍ഥന. പ്രാര്‍ഥന ദൈവം കേട്ടു. മനക്കരുത്തിനു മുന്നില്‍ ശ്വാസതടസം തോറ്റു പിന്മാറി.
സ്വയംപരിശീലനത്തിലൂടെ ഓടക്കുഴലില്‍ ശ്രീവിദ്യ എ ഗ്രേഡ് നേടി. ഹരിപ്പാട് ഗവ. ഗേള്‍സ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ശ്രീവിദ്യ. പി. നായര്‍ക്കു പറയാനുള്ളത് മനക്കരത്തിലൂടെ സ്വപ്നം സഫലീകരിച്ച കഥയാണ്. ശ്വാസതടസത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോഴും സ്വന്തമായി ഓടക്കുഴല്‍ അഭ്യസിച്ച് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
അഞ്ചാം വയസില്‍ തുടങ്ങിയ സംഗീതപഠനമാണ് ശ്രീവിദ്യയെ ഓടക്കുഴല്‍ വരെ എത്തിച്ചത്. ശ്വാസതടസപ്രശ്നങ്ങള് ഉള്ളതിനാല്‍ വയലിന് അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ, പിന്നീട് ഓടക്കുഴല്‍ സംഗീതത്തോടുള്ള അതിയായ ഇഷ്ടംകൊണ്ട് പഠനം തുടങ്ങുകയായിരുന്നു. വെറും അഞ്ച് മാസം മാത്രം ഓടക്കുഴല്‍ അഭ്യസിച്ചാണ് സംസ്ഥാന കലോത്സവവേദി വരെ എത്തിയത്.
പത്തൊന്‍പതാം വേദിയായ മയ്യഴിപ്പുഴയില്‍ (അയ്യങ്കാളി ഹാള്‍) മത്സരിക്കാന്‍ എത്തിയ 15 പേരിലെ ഒരേയൊരു പെണ്‍കുട്ടിയാണ് ശ്രീവിദ്യ. ആലപ്പുഴ ജില്ലാ കലോത്സവത്തിന് വയലിന് മത്സരത്തില്‍ എ.കെ. രഘുനാഥന്റെ 'എന്തരോ മഹാനുഭാവുലു' എന്ന പഞ്ചരത്ന കീര്‍ത്തനമാണ് ശ്രീവിദ്യ അവതരിപ്പിച്ചത്.എന്നാല്‍ മൂന്നാം സ്ഥാനമായിരുന്നതിനാല്‍ സംസ്ഥാന കലോത്സവത്തിന് വയലിനില്‍ മത്സരിക്കാന്‍ സാധിച്ചില്ല. അതേ ത്യാഗരാജാ കീര്‍ത്തനത്തില്‍ മാറ്റം വരുത്തി ഓടക്കുഴല്‍ കീര്‍ത്തനമാക്കിയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്.