കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: വന്‍ പ്രതിഷേധം
Monday, January 6, 2025 5:04 AM IST
നിലമ്പൂര്‍: കരുളായിയില്‍ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് നിലമ്പൂരില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
ഞായറാഴ്ച അവധിയായതിനാല്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തു കയറിയ പ്രതിഷേധക്കാര്‍ കസേര, ബള്‍ബ് എന്നിവ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, ഷക്കത്ത് പനമരം, മുസ്തഫ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. രണ്ടു മണിക്കൂറോളം നിലമ്പൂരിനെയും വനം വകുപ്പിനെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ സമരമാണ് അരങ്ങേറിയത്. മുദ്രാവാക്യം വിളിച്ചാണു പ്രതിഷേധക്കാര്‍ ഡിഎഫ്ഒ ഓഫീസിലെത്തിയത്.
തുടര്‍ന്ന് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ സമരക്കാര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ ആശുപത്രിക്ക് മുന്നില്‍ വന്‍ സന്നാഹമൊരുക്കി പോലീസ് മാര്‍ച്ച് തടഞ്ഞു.
വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരേ പി.വി. അന്‍വര്‍ എംഎല്‍എ രൂക്ഷവിമര്‍ശനമുയര്‍ത്തി. മന്ത്രിക്കു മനുഷ്യരേക്കാള്‍ സ്നേഹം മൃഗങ്ങളോടാണെന്നും മന്ത്രി വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നും അന്‍വര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി പത്തരയോടെ മരിച്ച ആദിവാസി യുവാവ് മണിയുടെ പോസ്റ്റ്മോര്‍ട്ടം വൈകിയതില്‍ പോലീസിനെയും എംഎല്‍എ വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വനം നിയമഭേദഗതിക്കെതിരേ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു. വനം ഭേദഗതി നിയമം പാസായാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ പോലും നടക്കാന്‍ കഴിയാത്ത അവസ്ഥ വരും. ആനകളും കാട്ടുപന്നികളും പെറ്റുപെരുകയാണ്. ഇത് നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകണം. അതിനാല്‍ ഈ ജനവിരുദ്ധ നിയമം തടയാന്‍ പ്രതിപക്ഷം രംഗത്തിറങ്ങണം. താന്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഇതിനെതിരേ ജനകീയ യാത്രയിലാണ്. സമരം പ്രതിപക്ഷം ഏറ്റെടുത്താല്‍ പിന്മാറാന് തയാറാണ്.
പ്രതിപക്ഷം രംഗത്തിറങ്ങിയാല്‍ മാത്രമേ ജനവിരുദ്ധ ബില്‍ തടയാനാകൂവെന്നും എംഎല്‍എ പറഞ്ഞു. അതേസമയം വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരേ നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളില്‍ പി.വി. അന്‍വര്‍ എംഎല്‍എ ഇന്നലെ നടത്തേണ്ടിയിരുന്ന ജനകീയ മാര്‍ച്ച് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയോടുള്ള ആദരസൂചകമായി മറ്റൊരു ദിവസത്തേക്ക് മാറ്റി. മണിയുടെ സംസ്കാര ചടങ്ങില്‍ പി.വി. അന്‍വര്‍ എംഎല്‍എ പങ്കെടുത്തു.