ക്രിമിനലുകളെ പരസ്യമായി സംരക്ഷിക്കുന്നു: സത്യനാരായണൻ
Monday, January 6, 2025 5:04 AM IST
പെരിയ: കല്യോട്ട് ഇരട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ വീടുകളിൽ എംഎൽഎമാരടക്കമുള്ള സിപിഎം നേതാക്കൾ എത്തുന്നതായി സൂചന.
രഞ്ജിത്, ജിജിൻ, സുരേഷ് എന്നിവരുടെ വീടുകളിൽ ജില്ലയിൽനിന്നുള്ള എംഎൽഎമാരായ സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ എന്നിവരും ജില്ലാതലത്തിലും പ്രാദേശികതലത്തിലുമുള്ള നേതാക്കളും എത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു.
മറ്റു പ്രതികളുടെ വീടികൾക്കു മുന്നിലും ഒന്നിലേറെ കാറുകൾ വന്നുനില്ക്കുന്നത് സമീപവാസികൾ കണ്ടിരുന്നു. ശിക്ഷിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കു പാർട്ടിയുടെ ഭാഗത്തുനിന്നുള്ള ഉറപ്പുകൾ നല്‍കാനാണ് നേതാക്കൾതന്നെ നേരിട്ടെത്തുന്നതെന്നാണു സൂചന. ഉത്തരവാദപ്പെട്ട എംഎൽഎമാരടക്കമുള്ളവരുടെ പൊതുപ്രവർത്തനം ഇത്തരത്തിലാണു നടക്കുന്നതെങ്കിൽ കേരളത്തെ സംബന്ധിച്ച് ഇതു ഭയാനകമായ അവസ്ഥയാണെന്നു സത്യനാരായണൻ പറഞ്ഞു.
ക്രിമിനലുകളെ പരസ്യമായി സംരക്ഷിക്കുകയും അവരെ രാഷ്ട്രത്തിനുവേണ്ടി സേവനം ചെയ്ത ധീരന്മാരെപ്പോലെ കൊണ്ടുനടക്കുകയുമാണു സിപിഎം നേതാക്കൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.