കലാമാമാങ്കത്തിനു തിരിതെളിഞ്ഞു
Sunday, January 5, 2025 2:01 AM IST
ജോണ്സണ് വേങ്ങത്തടം
തിരുവനന്തപുരം: നിളപോലെ നിറഞ്ഞൊഴുകിയ മലയാളത്തിന്റെ പ്രിയപ്പെട്ട എംടിയുടെ പേരിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ ഒന്നാം വേദി ‘എംടി നിള’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരിതെളിച്ചു.
ഇനി അഞ്ചുനാൾ കലാകേരളത്തിന്റെ കണ്ണും കരളും അനന്തപുരിയിലെ 25 വേദികൾക്കു ചുറ്റുമാകും. എട്ടുവർഷത്തിനുശേഷമാണ് തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളുന്നത്. എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനപ്രസംഗം ആരംഭിച്ചത്.
കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നതു മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഐക്യവുമെല്ലാം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കലാപ്രകടനങ്ങൾക്കുള്ള വേദിയായിരിക്കുന്പോൾ തന്നെ അത്തരം കാഴ്ചപ്പാടുകൾക്കുകൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികൾ കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും വേദിയാകാറുണ്ട്.
കലാപ്രകടനം എന്നതിലുപരി കലോത്സവവേദി അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയാവുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉരുൾപൊട്ടൽ ദുരന്തം വിതച്ച വെള്ളാർമല സ്കൂളിലെ കുട്ടികളുടെ നൃത്തശില്പത്തെ സൂചിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത് അതിജീവനത്തിന്റെ തെളിവാണ്. ഇത്തരം അതിജീവനങ്ങളുടെ നേർകാഴ്ചയാവുകയാണ് കലോത്സവമെന്നതു സന്തോഷം പകരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.ടി. വാസുദേവൻ നായരുടെ വിയോഗം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
നദികളുടെ പേരിലുള്ള 25 വേദിയിലായി നടക്കുന്ന കലോത്സവത്തിൽ പതിനയ്യായിരത്തോളംപേർ മാറ്റുരയ്ക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആർ. അനിൽ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, വീണാ ജോർജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മേയർ ആര്യ രാജേന്ദ്രൻ, കളക്ടർ അനുകുമാരി, എംഎൽഎമാർ, എംപിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസാണ് പതാക ഉയർത്തിയത്. കേരള കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയങ്ങളിൽ നിന്നു തെരഞ്ഞെടുത്ത കുട്ടികളും അവതരിപ്പിച്ച നൃത്താവിഷ്കാരത്തോടെയാണു മേളയ്ക്കു തുടക്കമായത്.
കലോത്സവ ചരിത്രത്തിലാദ്യമായി തദ്ദേശീയ ജനതയുടെ നൃത്തരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ പുതിയ ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പായി 1000 രൂപ നൽകും.
അതിജീവനനൃത്തമാടി മുണ്ടക്കൈയിലെ കുരുന്നുകൾ
തിരുവനന്തപുരം: ഉരുൾപൊട്ടൽ കശക്കിയെറിഞ്ഞ വയനാട് മുണ്ടക്കൈ വെള്ളാർമല സ്കൂളിലെ കുട്ടികൾ പാട്ടിലൂടെയും നൃത്തത്തിലൂടെയും ദുരന്തം പറഞ്ഞപ്പോൾ സദസ് നിശ്ചലമായി.
ആ മലവെള്ളപ്പാച്ചിലിന്റെ ശക്തിയാൽ തകർക്കപ്പെട്ട ഒരു നാടിന്റെ നൊന്പരം സദസ് അറിഞ്ഞു.തോരാത്ത കണ്ണീരിന്റെ ചൂടറിഞ്ഞു. അവരുടെ അതിജീവനത്തിന്റെ ശക്തിയറിഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയെ ഒരൊറ്റ നൃത്തംകൊണ്ടുതന്നെ അവർ ചടുലവും ജീവസുറ്റതുമാക്കി. അതു കേരളത്തിനു കലയിലൂടെയുള്ള വലിയ സന്ദേശമായി.
വെള്ളാർമല ജിവിഎച്ച്എസ്എസിലെ ഏഴു പെണ്കുട്ടികളാണ് ദുരന്തമുഖത്തുനിന്നുമെത്തി പേടിപ്പെടുത്തുന്ന ഓർമകളെ അതിജീവിച്ചു വേദിയിൽ നിറഞ്ഞാടി പ്രേക്ഷകരുടെ മനസ് നിറച്ചത്. എസ്. അഞ്ചൽ, എം.ആർ. ശിവപ്രിയ, വൈഗ ഷിബു, ഋഷിക പ്രഷ്ണോവ്, സാധിക സതീഷ്, വി.എസ്. വീണ എന്നിവരായിരുന്നു നർത്തകികൾ. എല്ലാവരും ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർ. പലർക്കും പല ബന്ധുക്കളെയും നഷ്ടപ്പെട്ടു.
പഴയിടം @ 25
കലോത്സവ പാചക വേദിയിൽ കാൽനൂറ്റാണ്ടു തികയുന്ന ആത്മസംതൃപതിയിലാണ് അനന്തപുരിയിൽ ഇത്തവണ പഴയിടം മോഹനൻ നന്പൂതിരി ഊട്ടുപുര ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി അത്താഴവും കൂട്ടി ഇരുപതിനായിരത്തിനടത്ത് ആളുകളാണ് ഊട്ടുപുരയിൽ നിന്നു ഭക്ഷണം കഴിച്ചത്.
രാവിലെ പുട്ടും കടലയും. പാലടയടക്കം ഉച്ചയൂണ്. അവിയലും സാന്പാറും അച്ചാറും കറികൾ. സുഖിയനും ചായയുമായിരുന്നു വൈകുന്നേരം സ്നാക്സ് ആയി നൽകിയത്. വൈകുന്നേരം അത്താഴവും നൽകി.
ഓരോ ദിവസവും ഓരോ പായസമാണ് ഉച്ചയൂണിനൊപ്പം. 25 വർഷത്തെ കലോത്സവത്തിനിടയിൽ രണ്ടരകോടിയോളം കുട്ടികൾക്ക് ഭക്ഷണം നൽകി.
കേവലം ലാഭത്തിനപ്പുറം കലോത്സവത്തിൽ ഭക്ഷണമൊരുക്കുന്നത് ആത്മസംതൃപ്തിയുടെ നിമിഷങ്ങളാണെന്നും പഴയിടം മോഹനൻ നന്പൂതിരി പറയുന്നു.
പിണക്കംമാറി, ഡോക്ടർമാരെത്തി
സംസ്ഥാന സ്കൂൾ കലോത്സവം ബഹിഷ്കരിച്ച സർക്കാർ ഡോക്ടർമാർ പിണക്കം മാറി കലോത്സവത്തിൽ സജീവമാകും. 25 കലോത്സവ വേദികളിലും ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
ആര്യനാട് ആശുപത്രിയിലെ ഡോക്ടർക്കെതിരായ നടപടിയിലാണ് ഡോക്ടർമാർ പ്രതിഷേധിച്ചു മാറിനിന്നത്. ഡോക്ടർ സ്വകാര്യ പ്രാക്റ്റീസ് നടത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ആരോഗ്യവകുപ്പ് സെക്രട്ടറി കെജിഎംഒഎയുമായി ചർച്ച നടത്തി സംഘടനയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാം എന്ന ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അഭ്യർഥന പ്രകാരം കലോത്സവ ഡ്യൂട്ടിയുമായി സഹകരിക്കാൻ തീരുമാനിച്ചതായി കെജിഎംഒഎ ഭാരവാഹികൾ അറിയിച്ചു.
ചാക്യാരായി മിന്നൽ മുരളി താരം വസിഷ്ഠ്
സൂപ്പർ ഹീറോ മിന്നൽ മുരളിക്കൊപ്പം കുട്ടികളുടെ മനസിൽ ഹീറോ ആയി മാറിയ വസിഷ്ഠ് കലോത്സവ വേദിയിൽ ചാക്യാരായി എത്തിയത് കാണികൾക്കു കൗതുകമായി.
വാണിയംകുളം ടിആർകെ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് വസിഷ്ഠ്. കഴിഞ്ഞ വർഷം സ്കൂൾ കലോത്സവത്തിൽ നാടകത്തിനും ദേശഭക്തി ഗാനത്തിനും വസിഷ്ഠ് പങ്കെടുത്തിരുന്നു. വാണിയംകുളം സ്കൂളിലെ രസതന്ത്ര അധ്യാപകരായ പി. ഉമേഷും സി. ജ്യോതിയുമാണ് മാതാപിതാക്കൾ.
മിന്നൽ മുരളിക്കൊപ്പം ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലും വസിഷ്ഠ് അഭിനയിച്ചിട്ടുണ്ട്.