കര്‍ഷകരില്ലാതെ സമൂഹത്തിന് നിലനില്‍പ്പില്ല: മാര്‍ കല്ലറങ്ങാട്ട്
Monday, January 6, 2025 4:46 AM IST
പാലാ: കര്‍ഷകരും കൃഷിയുമില്ലാതെ മനുഷ്യന് നിലനില്‍പ്പില്ലെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ 10-ാമത് അടുക്കളത്തോട്ട മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനം നല്‍കിയും കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃഷി ഒരു പ്രാര്‍ഥന തന്നെയാണ്. കാര്‍ഷിക സംസ്കാരം നിലനിര്‍ത്താനും പോത്സാഹിപ്പിക്കാനുമാണ് അടുക്കള തോട്ട മല്‍സരം നടത്തുന്നത്.
കര്‍ഷകരോട് കരുതലുണ്ടാകാന്‍ നമുക്ക് പ്രത്യേക കടമയുണ്ട്. പരിസ്ഥിതി സംരക്ഷിക്കാനുള്ള കടമയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നെറ്റ് സീറോ അഥവാ കാര്‍ബണ്‍ ഫ്രീയാകേണ്ടതിന്റെ ആവശ്യകയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് പത്തു വര്‍ഷം മുമ്പ് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി അടുക്കള തോട്ട മല്‍സരം ആരംഭിച്ചത്. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി പതിനായിരത്തോളം പേര് ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക് പരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ രൂപത പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, കര്‍ഷകവേദി ചെയര്മാന് ടോമി കണ്ണീറ്റുമാലില്‍, ജോസ് വട്ടുകുളം, ഫാ. ജോര്‍ജ് പഴേപറമ്പില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോഷി കണ്ണീറ്റുമാലില്‍ കോതനെല്ലൂര്‍, എമ്മിച്ചന്‍ തെങ്ങുംപള്ളില്‍ പയസ്മൗണ്ട്, എം. എം.ജോസഫ് മടിക്കാങ്കല്‍ പറത്താനാം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.