സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Thursday, May 16, 2024 1:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ തടസപ്പെടുത്തി ഡ്രൈവിംഗ് സ്കൂൾ യൂണിയനുകൾ രണ്ടാഴ്ചയിലേറെയായി നടത്തിവന്നിരുന്ന സമരം അവസാനിച്ചു. ഇന്നലെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വിളിച്ചുചേർത്ത ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ യൂണിയനുകൾ തീരുമാനിച്ചത്.
യൂണിയൻ ഉന്നയിച്ച എല്ലാ വിഷയങ്ങൾക്കും പരിഹാരം കണ്ടെത്തിയെന്ന് ചർച്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ ഗതാഗതവകുപ്പ് പുറത്തിറക്കിയ 4/2024 എന്ന സർക്കുലർ പിൻവലിക്കണമെന്നായിരുന്നു യൂണിയനുകളുടെ പ്രധാന ആവശ്യം.
എന്നാൽ, സർക്കുലർ പിൻവലിക്കുന്നതിനു പകരം യൂണിയനുകൾക്ക് അനുയോജ്യമായ രീതിയിൽ സർക്കുലറിൽ മാറ്റം വരുത്താമെന്ന് മന്ത്രി ഉറപ്പു നൽകി. ഈ നിലപാടിനെ യൂണിയനുകൾ സ്വാഗതം ചെയ്തു.
കെഎസ്ആർടിസിയുടെ പത്ത് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള പുതിയ ഡിസൈൻ തയാറാക്കാൻ യൂണിയനുകളെ ചുമതലപ്പെടുത്തി.
പത്ത് ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു എന്ന വാർത്തകൾ തെറ്റാണെന്നും 2.5 ലക്ഷം അപേക്ഷകൾ മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ച് കുറ്റമറ്റ ലൈസൻസ് നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതൃപ്തി
ചർച്ചയിൽ പൂർണ തൃപ്തിയില്ലെന്ന് സിഐടിയു പ്രതിനിധികൾ വ്യക്തമാക്കി. സിഐടിയു പ്രതിനിധികളുമായി വീണ്ടും ചർച്ച നടത്തുമെന്നും അതിനുശേഷം അന്തിമതീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
സംതൃപ്തി
ചർച്ചയിൽ പൂർണ സംതൃപ്തിയെന്ന് സംയുക്ത സമരസമതി. തങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് മന്ത്രി നിലപാടുകൾ സ്വീകരിച്ചത്. എല്ലാ പ്രശ്നങ്ങൾക്കും ചർച്ചയിൽ പരിഹാരം കണ്ടതായും നേതാക്കൾ അറിയിച്ചു.
സർക്കുലറിലെ മാറ്റം ഇങ്ങനെ...
സർക്കുലർ പ്രകാരം ഒരു ഓഫീസിന് 40 ടെസ്റ്റുകൾ നടത്താൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ ഇതിനു പകരമായി ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉള്ളിടത്ത് 40 ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താമെന്നും രണ്ടു വെഹിക്കിൾ ഇൻസ്പെക്ടർ ഉള്ളിടത്ത് 80 ടെസ്റ്റുകൾ നടത്താമെന്നും തീരുമാനമായി.
ഇരട്ട ക്ലച്ചുള്ള വാഹനം താത്കാലികമായി ടെസ്റ്റിന് ഉപയോഗിക്കുന്നത് തുടരും. ടെസ്റ്റിനു 18 വർഷം വരെ പഴക്കമുള്ള വാഹനം ഉപയോഗിക്കാമെന്നും ചർച്ചയിൽ തീരുമാനമായി.
ഇതിനു പുറമേ ടെസ്റ്റ് വാഹനത്തിൽ കാമറ വയ്ക്കാനും തീരുമാനമായി. കാമറ ഡ്രൈവിംഗ് സൂളുകൾ വയ്ക്കേണ്ടതില്ല. സർക്കാർ ചെലവിൽ വാങ്ങി സ്ഥാപിക്കാനാണ് തീരുമാനം. ടെസ്റ്റിന് ഉദ്യോഗസ്ഥൻ വരുന്പോൾ കാമറ വാഹനത്തിൽ ഘടിപ്പിക്കും ടെസ്റ്റ് കഴിഞ്ഞ ശേഷം ദൃശ്യങ്ങൾ ആർടി ഓഫീസിലെ കന്പ്യൂട്ടറിൽ സൂക്ഷിക്കും.
മൂന്നു മാസം വരെ ദൃശ്യങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കും. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കും. ഡ്രൈവിംഗ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ സമതിയെ നിയോഗിക്കും. പലയിടത്തും സ്ത്രീകളിൽനിന്ന് അമിത ഫീസ് ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.