ഉരുള്‍പൊട്ടൽ: അതിതീവ്ര ദുരന്തമോ? തീരുമാനം രണ്ടാഴ്ചയ്ക്കകം; കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ
Thursday, October 31, 2024 12:54 AM IST
കൊച്ചി: വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിൽ.
ഇതുസംബന്ധിച്ച് ഉന്നതതല സമിതിയുടെ തീരുമാനം രണ്ടാഴ്ചയ്ക്കകം ഉണ്ടാകുമെന്നും അറിയിച്ചു. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണു കേന്ദ്രം നിലപാടറിയിച്ചത്.
മുണ്ടക്കൈ, ചൂരല്‍മല ഉരുൾപൊട്ടലിനെ അതിതീവ്രദുരന്തമായി പരിഗണിക്കണമെന്ന് അമിക്കസ് ക്യൂറി നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ സംസ്ഥാനത്തിനു ലഭ്യമാകുന്ന ദുരിതാശ്വാസ നടപടികളില്‍ വര്‍ധനയുണ്ടാകും.
ദുരന്തത്തില്‍ നഷ്ടമായ ജീവനുകള്‍, കന്നുകാലികള്‍, വിളകള്‍, സ്വത്ത്, തകര്‍ന്ന പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നാശനഷ്ടം കണക്കാക്കുമ്പോള്‍ അതിതീവ്ര ഗണത്തില്‍ ഉള്‍പ്പെടുത്താമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങള്‍ക്കു ദിവസം 300 രൂപ വീതം നല്കുന്ന ഉപജീവനസഹായം നവംബര്‍ 30 വരെ നീട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തേ നിശ്ചയിച്ച കാലാവധി ഇന്നു തീരാനിരിക്കെയാണ് പുതിയ തീരുമാനം.
നഷ്ടപരിഹാര വിതരണം വൈകുന്നതു സംബന്ധിച്ച് വാര്‍ത്തകളുണ്ടല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര വിതരണം ബാങ്ക്/ട്രഷറി മുഖേനയാക്കാനുള്ള സാധ്യത അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി നവംബര്‍ 15ന് വീണ്ടും പരിഗണിക്കും.
സ്വീകരിച്ച നടപടികള്‍ അറിയിക്കണം
ദുരന്തവുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികള്‍ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി, കേന്ദ്ര പരിസ്ഥിതി സെക്രട്ടറി, ദേശീയപാതാ അഥോറിറ്റി എന്നിവയ്ക്കു കോടതി നിര്‍ദേശം നല്കി.
പരിസ്ഥിതി ദുരന്തങ്ങള്‍ നേരിടാന്‍ റിസ്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് രാജ്യം മുഴുവന്‍ ചര്‍ച്ച നടക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരും സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളടക്കമുള്ളവരുമായി ചേര്‍ന്ന് ഇന്‍ഷ്വറന്‍സ് പദ്ധതി തയാറാക്കാന്‍ കേരളത്തിനു സമയമായില്ലേയെന്ന് കോടതി ആരാഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് 2021ല്‍ രൂപീകരിച്ച ഉന്നതതല സമിതിയുടെ അന്തിമറിപ്പോര്‍ട്ട് കാത്തിരിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.