യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ശ്രേഷ്ഠ ബാവ കാലംചെയ്തു
Friday, November 1, 2024 2:22 AM IST
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ മഹാവെളിച്ചം മാഞ്ഞു. രണ്ടു പതിറ്റാണ്ടിലധികം സഭയെ വലിയ വളർച്ചയിലേക്കു നയിച്ച ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ (95) കാലം ചെയ്തു.
വാര്‍ധക്യസഹജമായ അസ്വസ്ഥതകളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 5.21 നായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞു മൂന്നിന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ നടക്കും.
കഴിഞ്ഞ ആറര മാസമായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ മെത്രാഭിഷേക ജൂബിലിക്ക് പാത്രിയാര്‍ക്കീസ് ബാവ എത്തിയപ്പോള്‍ ഒരു ദിവസത്തേക്ക് പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്ത് എത്തിയിരുന്നു. ഇന്നലെ രാവിലെ രക്തസമ്മര്‍ദത്തില്‍ വ്യതിയാനം സംഭവിച്ചതോടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.
ബാവയുടെ വിയോഗത്തെത്തുടര്‍ന്ന് പൊതുദര്‍ശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും ക്രമീകരണങ്ങള്‍ക്കായി ആശുപത്രിയില്‍തന്നെ അടിയന്തര സിനഡ് ചേര്‍ന്നു.
ഭൗതികദേഹം ഇന്നലെ രാത്രി കോതമംഗലം ചെറിയപള്ളിയില്‍ എത്തിച്ചു. ഇന്ന് 12 വരെ ഇവിടെ പൊതുദര്‍ശനത്തിനുശേഷം സഭാ ആസ്ഥാനമായ പുത്തന്‍കുരിശിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചകഴിഞ്ഞ് പുത്തന്‍കുരിശില്‍ പാത്രിയാര്‍ക്കാ സെന്ററിനോടനുബന്ധിച്ചുള്ള മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ പ്രത്യേകം തയാറാക്കിയ കബറിടത്തില്‍ ഭൗതികദേഹം സംസ്കരിക്കും.
1929 ജൂലൈ 22നാണു ജനനം. 1958 സെപ്റ്റംബര്‍ 21ന് മഞ്ഞിനിക്കര ദയറായില്‍ ഫാ. സി.എം. തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദികപട്ടം സ്വീകരിച്ചു. വിവിധ പള്ളികളില്‍ വികാരിയായി സേവനം ചെയ്തു. 1974 ഫെബ്രുവരി 24ന് മെത്രാപ്പോ ലീത്തയായി.
1999 ഫെബ്രുവരി 22ന് എപ്പിസ്കോപ്പല്‍ സൂനഹദോസ് പ്രസിഡന്റായി. അഖില മലങ്കര പള്ളി പ്രതിപുരുഷ യോഗം കാതോലിക്കാ ബാവയും മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയുമായി തെരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ഡമാസ്കസിലെ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പാത്രിയാര്‍ക്കാ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ അദ്ദേഹത്തെ ശ്രേഷ്ഠ കാതോലിക്കയായി വാഴിച്ചു. മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ എന്ന പേര് അദ്ദേഹം സ്വീകരിച്ചു. 17 വര്‍ഷം മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായും സേവനം ചെയ്തു.
സംസ്കാരം നാളെ പുത്തന്‍കുരിശില്‍
കൊച്ചി: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്കാര ശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞു മൂന്നിന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടക്കും.
പൊതുദര്‍ശനം, സംസ്കാര ശുശ്രൂഷകള്‍ എന്നിവയുടെ ക്രമീകരണങ്ങള്‍ ഇങ്ങനെ :
☛ ഭൗതികദേഹം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍നിന്ന് ഇന്നലെ രാത്രി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിച്ചു. തുടര്‍ന്ന് പൊതുദര്‍ശനം ആരംഭിച്ചു.
☛ ഇന്നു രാവിലെ എട്ടിന് കോതമംഗലം ചെറിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന.
☛ 9.30ന് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം.
☛ 10.30ന് സംസ്കാര ചടങ്ങുകളുടെ പ്രാരംഭ ശുശ്രൂഷകള്‍ ആരംഭിക്കും.
☛ ഉച്ചനമസ്കാരം കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നിന് കോതമംഗലം ചെറിയ പള്ളിയില്‍നിന്നു വലിയ പള്ളിയില്‍ എത്തിച്ചേരും.
☛ നാലിന് കോതമംഗലം വലിയ പള്ളിയില്‍നിന്ന് മൂവാറ്റുപുഴ വഴി പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ഭൗതികദേഹം എത്തിച്ചേരും. തുടർന്ന് പൊതുദര്‍ശനം.
☛ നാളെ രാവിലെ എട്ടിന് പാത്രിയര്‍ക്കാ സെന്റര്‍ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന.
☛ ഉച്ചകഴിഞ്ഞ് മൂന്നിന് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രൂഷകള്‍ ആരംഭിക്കും.
14 ദിവസം ദുഃഖാചരണം
കൊച്ചി: യാക്കോബായ സഭയുടെ പള്ളികളിലും സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് സഭാ അധികൃതര്‍ അറിയിച്ചു.
സഭയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി നല്‍കണം. പെരുന്നാളുകളും ആഘോഷങ്ങളും നടക്കുന്നെങ്കില്‍ അവ ഒഴിവാക്കണമെന്നും സഭാ അധികൃതര്‍ നിര്‍ദേശിച്ചു.