ആഹ്ലാദനിറവിൽ ചങ്ങനാശേരി അതിരൂപത
Thursday, October 31, 2024 12:54 AM IST
റെജി ജോസഫ്
പുരാതന ക്രൈസ്തവ കേന്ദ്രമായ ചങ്ങനാശേരിക്ക് അഭിമാന പുളകം ചാര്‍ത്തി ഇന്ന് പുതിയ അതിരൂപതാധ്യക്ഷന്റെ സ്ഥാനാരോഹണം. മാര്‍ത്തോമാശ്ലീഹായുടെ പ്രൗഢപാരമ്പര്യം പള്ളിയുറങ്ങുന്ന ചങ്ങനാശേരി അതിരൂപതയുടെ ശ്രേഷ്ഠാചാര്യനായി മാര്‍ തോമസ് തറയില്‍ അംശവടിയേന്തി സ്ഥാനിക ഇരിപ്പിടത്തില്‍ ഉപവിഷ്ടനാകും.
കേരളത്തിന്റെ മൂന്നിലൊന്ന് വിസ്തൃതിയും നാലു ലക്ഷത്തിലേറെ വിശ്വാസികളുമുള്ള അതിരൂപതയ്ക്ക് മുന്‍ഗാമികളെപ്പോലെ അനുയോജ്യനായ ഇടയനെ ദൈവം നിയോഗിച്ചിരിക്കുന്നു. മത വിശ്വാസാനുഷ്ഠാന വിഷയങ്ങളില്‍ മാത്രമല്ല കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലൊക്കെ ജനങ്ങളെയും സര്‍ക്കാരിനെയും ഉണര്‍ത്തുകയും തിരുത്തുകയും ചെയ്യുന്ന ശബ്ദമാണ് ചങ്ങനാശേരിയിലെ പിതാക്കന്മാരുടേത്. ഉറച്ച നിലപാടുകളും വ്യക്തമായ ബോധ്യങ്ങളും ശക്തമായ പ്രതികരണങ്ങളുമായി സീറോ മലബാര്‍ സഭയുടെ വക്താക്കളായി ഇവരെല്ലാം നിലകൊണ്ടു.
അല്‍ഫോന്‍സാമ്മയും ചാവറയച്ചനും ഉള്‍പ്പെടെ വിശുദ്ധരുടെ ഗണത്തെ വിശ്വാസികള്‍ക്ക് സമ്മാനിച്ച പുണ്യഭൂമിക. ആഗോളസഭയില്‍ ഏറ്റവുമധികം വൈദികരും സന്യസ്തരും ദൈവവിളിയറിഞ്ഞതും ചങ്ങനാശേരി അതിരൂപതാ പ്രവിശ്യയിൽനിന്നാണ്. സാർവത്രിക സഭയുടെ നിരവധി പ്രേഷിതമണ്ഡലങ്ങളിൽ അതിരൂപതാതനയർ സുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്; അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു.
മലനാടും ഇടനാടും പുഴകളും കായലും തീരവും അതിരിടുന്ന അതിവിശാലമായൊരു ഭൂമിക. വചന ഉദ്ബോധനത്തില്‍ മാത്രമല്ല അതത് കാലഘട്ടങ്ങളിലെ സാമൂഹിക സംഭവവികാസങ്ങളിലൊക്കെ ചങ്ങനാശേരി അരമനയുടെ വാക്കിനും കുറിപ്പുകള്‍ക്കും നാട് ചെവിയോർക്കുന്നു.
പള്ളിയോടൊപ്പം പള്ളിക്കൂടവും പണിയണമെന്ന ചാവറയച്ചന്റെ പ്രബോധനം ശിരസാവഹിച്ച പാരമ്പര്യമാണ് ചങ്ങനാശേരി അതിരൂപതയുടേത്. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന നിലപാടിലാണ് ചങ്ങനാശേരിയില്‍ ഉള്‍പ്പെടെ കോളജുകളും നാടെമ്പാടും പള്ളിക്കൂടങ്ങളും തൊഴില്‍ സ്ഥാപനങ്ങളും പണിതീര്‍ത്തത്. വനിതാ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിലും അതിരൂപത മുന്നിലുണ്ടായിരുന്നു.
ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു നല്കുന്ന ന്യൂനപക്ഷ സമുദായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതിലുമൊക്കെ മാർ ജെയിംസ് കാളാശേരി, മാര്‍ മാത്യു കാവുകാട്ട്, മാര്‍ ആന്റണി പടിയറ, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജോസഫ് പെരുന്തോട്ടം തുടങ്ങിയ പിതാക്കന്മാരുടെ ധീരനിലപാടുകള്‍ സമുദായത്തിന് കരുതലായി.
ഭവനനിര്‍മാണത്തെ കാരുണ്യശുശ്രൂഷയായി കണ്ട കാവുകാട്ട് പിതാവ് തുടങ്ങിയ വീടുദാനം പില്ക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ലക്ഷംവീട് പദ്ധതിക്ക് മാതൃകയാക്കി. പൗരോഹിത്യ സുവര്‍ണജൂബിലി സ്മാരകമായി പെരുന്തോട്ടം പിതാവ് പാവങ്ങള്‍ക്ക് വീടുകളാണ് സമ്മാനിച്ചത്.
അഗതികളും അനാഥരും രോഗികളും പീഡിതരുമായ ആനേകായിരങ്ങള്ക്ക് അഭയം നല്കാന് നൂറിലേറെ സ്ഥാപനങ്ങളും അവിടെ വേണ്ടത്ര സംവിധാനങ്ങളും ചങ്ങനാശേരി അതിരൂപത ഒരുക്കി.
പ്രളയങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും മഹാമാരികളിലുമൊക്കെ നാടിന് കരുതലൊരുക്കുന്നതിലും അതിരൂപത മുന്നോട്ടിറിങ്ങി. 2018ലെ മഹാപ്രളയത്തില്‍ കുട്ടനാട്ടില്‍ അകപ്പെട്ട ഒന്നര ലക്ഷം ജനങ്ങളെ അതിസാഹസികമായി ചങ്ങനാശേരിയിലെത്തിച്ച് പലയിടങ്ങളില്‍ സുരക്ഷിതരാക്കുകയും കുട്ടനാടിന്റെ പുനര്നിമിതിക്ക് സന്നാഹങ്ങളൊരുക്കുകയും ചെയ്തതില്‍ പെരുന്തോട്ടം പിതാവിന്റെ മനുഷ്യത്വം എത്രയോ അപാരമായിരുന്നു. കോവിഡ് മഹാമാരിക്കാലത്തും അതിരൂപതയുടെ ചികിത്സാലയങ്ങള്‍ അനേകരുടെ ജീവന് കരുതലായി നിലകൊണ്ടു.