സഭയ്ക്ക് യുവത്വത്തിന്റെ മുഖം: മാര്‍ റാഫേല്‍ തട്ടില്‍
Friday, November 1, 2024 2:21 AM IST
ചങ്ങനാശേരി: സഭയുടെ സ്വത്വബോധം അഭംഗുരം കാത്തുസൂക്ഷിക്കുന്നതില്‍ ഉചിതവും യുക്തവുമായ ഇടപെടലുകളാണ് ചങ്ങനാശേരി അതിരൂപത എക്കാലവും സ്വീകരിക്കുന്നതെന്നും സീറോമലബാര്‍ സഭ ഇക്കാര്യത്തില്‍ ചങ്ങനാശേരി അതിരൂപതയോട് എക്കാലവും കടപ്പെട്ടിരിക്കുന്നെന്നും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സഭാത്മകത ആരാധനാക്രമത്തില്‍ അധിഷ്ഠിതമാണെന്ന് എക്കാലവും ഉദ്ബോധിപ്പിക്കാന് അതിരൂപതയ്ക്കും വിരമിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനും സാധിച്ചിരുന്നു. മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിലൂടെ സീറോ മലബാര്‍ സഭയ്ക്ക് യുവത്വത്തിന്റെ മുഖമാണ് കൈവന്നിരിക്കുന്നത്.
സമൂഹത്തെ പ്രചോദിപ്പിക്കാന്‍ കഴിവുള്ള പിതാവാണ് മാര്‍ തോമസ് തറയില്‍. ആരെയും വേദനിപ്പിക്കാതെ സത്യസന്ധമായും ആധികാരികമായും കാര്യങ്ങള്‍ പറയുകയും പ്രതികരിക്കുകയും മുന്‍വിധിയില്ലാതെ ശ്രവിക്കുകയും ചെയ്യുന്ന മാര്‍ തോമസ് തറയിലിന് അതിരൂപതയെ കാലോചിതമായി നയിക്കാന്‍ പ്രാഗത്ഭ്യമുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.