എഡിജിപി അജിത് കുമാറിന്റെ പോലീസ് മെഡൽ തത്ക്കാലം തടഞ്ഞു
Friday, November 1, 2024 2:20 AM IST
തിരുവനന്തപുരം: മികച്ച സേവനത്തിന് എഡിജിപി എം.ആർ.അജിത് കുമാറിന് ഇന്നു സമ്മാനിക്കാനിരുന്ന ‘മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ തൽക്കാലം തടഞ്ഞ് പോലീസ് ആസ്ഥാനം.
പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ ഇന്നു രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കേണ്ട പോലീസ് മെഡൽ വിതരണത്തിൽ നിന്നാണ് എഡിജിപി എം.ആർ. അജിത്കുമാറിനെ തൽക്കാലം ഒഴിവാക്കിയത്.
അജിത്കുമാറിനുള്ള പോലീസ് മെഡൽ കൈമാറൽ പിന്നീടു നടത്തുമെന്നു സംസ്ഥാന പോലീസ് മേധാവിക്കു വേണ്ടി എഐജി പദംസിംഗിന്റെ ഉത്തരവിൽ പറയുന്നു.
സ്വർണക്കടത്ത് അടക്കം വിവിധ ആരോപണങ്ങളിൽ പോലീസ് മേധാവിയുടെയും വിജിലൻസ്, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് മേധാവികളുടെയും അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് എഡിജിപി അജിത്കുമാറിന്റെ പോലീസ് മെഡൽ തൽക്കാലം തടഞ്ഞത്.
സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി കഴിഞ്ഞ ഓഗസ്റ്റ് 13നാണ് മുഖ്യമന്ത്രിയുടെ മെഡൽ പ്രഖ്യാപിച്ചത്. എഡിജിപി എം.ആർ. അജിത്കുമാറായിരുന്നു മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ.
താഴേത്തട്ടിലെ ഉദ്യോഗസ്ഥരടക്കം 267 പോലീസുകാർക്കാണ് മെഡൽ. തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ടു ത്രിതല അന്വേഷണവും അനധികൃത സ്വത്ത് സന്പാദനം അടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണവും നേരിടുകയാണ് അജിത്കുമാർ.
എഡിജിപിയെ കൂടാതെ ഡിവൈഎസ്പിയായ കെ.ജി.അനീഷിന്റെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും തടഞ്ഞു. 2018ൽ മെഡൽ ലഭിച്ച സാഹചര്യത്തിലാണ് നടപടി.