"സഹായമനസ്കതയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളേക്കാള്‍ എത്രയോ താഴെ': വിമർശനവുമായി മുഖ്യമന്ത്രി
Friday, November 1, 2024 2:20 AM IST
കോഴിക്കോട്: ദുരിതബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ താരമത്യം നടത്തിയാല്‍ കുട്ടികളെക്കാള്‍ എത്രയോ താഴെയാണു സര്‍ക്കാര്‍ ജീവനക്കാരെന്നു മുഖ്യമ്രന്തി പിണറായി വിജയന്.
ബാലസംഘം സംസ്ഥാന സമ്മേളന സമാപനയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിനെ ജീവനക്കാര്‍ എതിര്‍ത്തതു ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
തൊട്ടുപിന്നാലെ തന്നെ, എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയുമാണ് ഉദേശിച്ചതെന്ന തെറ്റിദ്ധാരണ വേണ്ടെന്നും ഒരു വിഭാഗം ജീവനക്കാര്‍ മാത്രമാണ് അങ്ങനെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ നടത്തിയതു മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു. സാലറി ചലഞ്ച് സംബന്ധിച്ച് തന്നെ കാണാനെത്തിയ ചില സംഘടനാ നേതാക്കള്‍ അഞ്ചു ദിവസത്തെ ശമ്പളം നല്കാന് കഴിയില്ലെന്നാണ് അറിയിച്ചത്. അതു ശരിയായ നിലപാടല്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നതെന്നും സംഘടനാ നേതാക്കളോടു പറയേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവാരത്തിന്റെ പേരില്‍ കുട്ടികളെ തോല്‍പ്പിക്കാന്‍ പാടില്ലെന്നു പറയുന്നവര്‍ നാടിനെ എങ്ങോട്ടാണു നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കുട്ടികളെ തോല്‍പ്പിക്കാനല്ല, അവരെ ജയിപ്പിക്കാനാണ് അധ്യാപകര്‍ പാടുപെടേണ്ടത്. കുട്ടികള്‍ക്കു നിലവാരം വേണം. അവര്‍ക്ക് എഴുതാനും വായിക്കാനും കഴിയണം.
നാലും മൂന്നും കൂട്ടിയാല്‍ ആറ് എന്നതിനു പകരം ഏഴ് എന്നു പറയുന്ന കുട്ടികളാണ് ഉണ്ടാവേണ്ടത്. കുട്ടികള്‍ പഠിച്ചാലും ഇല്ലെങ്കിലും പാസാവുമെന്ന രീതി മാറണം. എല്ലാ കുട്ടികളും നിലവാരത്തോടെ പാസാകണമെന്നാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആ തലത്തില്‍ അധ്യാപകര്‍ പ്രവര്‍ത്തിക്കണം. അതില്‍നിന്നു പിന്നോട്ടു പോയതാണ് നിലവാരം താഴാന്‍ കാരണം.
സബ്ജക്ട് മിനിമം കിട്ടാനായി കുട്ടികളെ അധ്യാപകര്‍ പ്രാപ്തരാക്കണം. നിലവാരത്തെ എതിര്‍ക്കുന്നവര്‍ നാടിനെ പിന്നോട്ടടിക്കാനാണു ശ്രമിക്കുന്നത്. നിലവാരത്തെ എതിര്‍ക്കാന്‍ കുറെ വക്താക്കള്‍ ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.