സുരേഷ് ഗോപിയുടെ വെല്ലുവിളിയോടു പ്രതികരിക്കാനില്ല: എം.വി. ഗോവിന്ദന്
Friday, November 1, 2024 2:20 AM IST
പാലക്കാട്: തൃശൂർപൂരനഗരിയില് ആംബുലന്‍സില്‍ വന്നിറങ്ങിയിട്ടില്ല എന്ന വിഷയവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ വെല്ലുവിളിയോടും അസഭ്യവാക്കുകളോടും പ്രതികരിക്കാനില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സുരേഷ് ഗോപിക്കുള്ള മറുപടി വി.ഡി. സതീശന് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുരളീധരനെ നിയമസഭയിലേക്കെത്തിക്കുക എന്നതു വി.ഡി. സതീശന് ഉദ്ദേശിക്കുന്ന കാര്യമേയല്ലെന്ന് ഗോവിന്ദൻ ആരോപിച്ചു. ഇവിടെ നിരവധി മുഖ്യമന്ത്രിസ്ഥാനാര്ഥികളാണുള്ളത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ കൊതിച്ചുനടക്കുന്നവര്തന്നെ അഞ്ചോ ആറോ പേരുണ്ടാവും.അതിലൊരാളാണ് മുരളീധരന്. അതുകൊണ്ട് മുരളീധരന് നിയമസഭയിലേക്കു വരുന്നതു സതീശനിഷ്ടമല്ല.
ഇവിടെയുള്ള കോണ്‍ഗ്രസ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ച്, ശ്രീകണ്ഠനുള്പ്പെടെയുള്ളവര് ഒപ്പിട്ടു കത്തയച്ചിട്ടും അതു പരിഗണിക്കാതെയും കൃത്യമായി യോഗംചേരാതെയും രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതാണ്. അതിനു പിന്നിലെ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂവെന്നും ഗോവിന്ദന് പറഞ്ഞു.
പാലക്കാട്ട് ബിജെപി മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടും. അന്ന് ഷാഫിക്കു കിട്ടിയ വോട്ട് ഇന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്കു കിട്ടുമെന്നും തോന്നുന്നില്ല. പാലക്കാട്ട് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം. ബിജെപി മൂന്നാംസ്ഥാനത്തേ എത്തൂവെന്നും ഗോവിന്ദൻ പറഞ്ഞു.