പോലീസും ഇഡിയും നിയമാനുസൃത നടപടി സ്വീകരിക്കണം: എൽഡിഎഫ്
Friday, November 1, 2024 3:08 AM IST
തൃശൂര്‍: കൊടകര കുഴൽപ്പണക്കേസ് സംബന്ധിച്ച് എൽഡിഎഫ് നേരത്തേ ഉന്നയിച്ച പ്രശ്നങ്ങൾ ശരിവയ്ക്കുന്നതാണു ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലെന്ന് എൽഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റി.
ചാക്കുകെട്ടുകളിലാക്കി കുഴൽപ്പണം ബിജെപി ഓഫീസിലേക്കെത്തിച്ചെന്നും പണവുമായി എത്തിയ ധർമരാജൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നും നേതാക്കളുടെ അറിവോടെയാണു ധർമരാജനു താമസസൗകര്യമൊരുക്കിയതെന്നും പറയുന്നു. തെരഞ്ഞെടുപ്പുകാലത്തു മൂന്നരക്കോടി രൂപ കുഴൽപ്പണമായി എത്തിയെന്നാണു വാർത്തകളിലൂടെ വ്യക്തമായത്.
കുഴൽപ്പണം കൊടകരയിൽവച്ചു കവർന്ന കേസാണു കേരള പോലീസ് അന്വേഷിച്ചത്. പ്രതികളെ പിടികൂടിയെങ്കിലും ഉറവിടം സംസ്ഥാനത്തിനു പുറത്തായതിനാൽ ഇതുസംബന്ധിച്ച് ഇഡി അന്വേഷിക്കണമെന്ന് കേരള പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയെങ്കിലും രാഷ്ട്രീയ സമ്മർദത്താൽ ഇഡി ചെറുവിരൽ അനക്കിയില്ല. ഇക്കാര്യം പല സന്ദർഭങ്ങളിലും എൽഡിഎഫ് ജില്ലാ കമ്മിറ്റി പരസ്യപ്രസ്താവനയിലൂടെ ഉന്നയിച്ചിട്ടുണ്ട്.
ജില്ലയിലെ യുഡിഎഫോ വലതുമാധ്യമങ്ങളോ ഇക്കാര്യത്തിൽ യാതൊരു തരത്തിലും പ്രതികരിക്കാൻ തയാറായില്ല.
കൊടുങ്ങല്ലൂർ കള്ളനോട്ടുകേസിലും ഇഡി നടപടി എടുത്തില്ല. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേരള പോലീസും ഇഡിയും നിയമാനുസൃതനടപടികൾ സ്വീകരിക്കണമെന്നും ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും എൽഡിഎഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.