സാന്പിൾ പൂരമായി ചേലക്കരപ്പോര്
Thursday, October 31, 2024 12:20 AM IST
സി. ദീപു
തൃശൂർ: ഉപതെരഞ്ഞെടുപ്പിനു മൂന്നാഴ്ച ശേഷിക്കേ തൃശൂരിന്റെ മലയോരമേഖല രാഷ്ട്രീയച്ചൂടിലാണ്. മുക്കിലും മൂലയിലും ചർച്ചാവിഷയം രാഷ്ട്രീയവും സമകാലിക സംഭവങ്ങളും.
പോരാട്ടച്ചൂട് ഇതിനുമുന്പും കണ്ടിട്ടുള്ള ചേലക്കരയ്ക്കു മൂന്നു മുന്നണികളിലെയും സംസ്ഥാനനേതാക്കളും മന്ത്രിമാരും പാർട്ടി പ്രവർത്തകരും നിറഞ്ഞുകവിയുന്ന തെരഞ്ഞെടുപ്പുകാഴ്ച ഇതാദ്യമാകും. ലോഡ്ജുകളിലും ഹോട്ടലുകളിലും മുറികൾ കിട്ടാനില്ല. സമീപ പട്ടണങ്ങളായ വടക്കാഞ്ചേരിയിലും ഷൊർണൂരുമൊക്കെ സ്ഥിതി ഇതുതന്നെ.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മറ്റു മുൻനിര നേതാക്കളും പ്രചാരണത്തിനു ചുക്കാൻപിടിക്കുന്നു. സംസ്ഥാനത്തുണ്ടാകുന്ന ഓരോ വിവാദവും അവസാന ലാപ്പിൽ തിരിഞ്ഞുകൊത്താം. പൂരവും ആനയെഴുന്നള്ളിപ്പും വെടിക്കെട്ടു വിവാദങ്ങളുമൊക്കെ, ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും പ്രധാന്യംനൽകുന്ന ചേലക്കരയിലും പ്രതിധ്വനിക്കാം. രാഷ്്ട്രീയവിഷയങ്ങളിൽനിന്ന് വെടിക്കെട്ടും പൂരവും കേന്ദ്രമാക്കിയുളള പ്രചാരണത്തിലേക്കു കാന്പയിൻ വഴിമാറുന്നുമുണ്ട്.
കാർഷികവിളകളുടെ വിലയിടിവും വന്യമൃഗശല്യവുമൊക്ക മണ്ഡലത്തിലെ ചർച്ചാവിഷയങ്ങൾതന്നെ.
മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ നാട്ടുകാർക്ക് അപരിചിതരല്ല എന്നതാണ് ഇക്കുറി സവിശേഷത. മുൻ എംപിയെന്ന നിലയിൽ രമ്യ ഹരിദാസും ചേലക്കര മുൻഎംഎൽഎയെന്ന നിലയിലും നാട്ടുകാരെന്ന നിലയിലും ഇടതുസ്ഥാനാർഥി യു.ആർ. പ്രദീപും തനി നാട്ടിന് പുറത്തുകാരനായ ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണനും ആളുകളെ പേരെടുത്തു വിളിച്ചാണു പലയിടത്തും വോട്ടു ചോദിക്കുന്നത്. ഇവർക്കു പുറമേ, എൻ.കെ. സുധീർ അടക്കം നാലു സ്വതന്ത്രരും രംഗത്തുണ്ട്.
അഞ്ചുവർഷമായി ചേലക്കര ഉൾപ്പെടുന്ന ആലത്തൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അനുകൂലമാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ചേലക്കരയിൽ ഡിഎംകെയുടെ പേരിൽ സ്വതന്ത്രനായി മത്സരിക്കുന്ന എൻ.കെ. സുധീറാണു കോണ്ഗ്രസിന്റെ തലവേദന.
നാട്ടുകാരനായ രാഷ്ട്രീയക്കാരനെന്ന നിലയിൽ യു.ആർ. പ്രദീപ് മണ്ഡലത്തിൽ സുപരിചിതനാണ്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവും പ്രദീപിനു പിന്നിൽ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നു. ചേലക്കരയിൽ ബിജെപിയുടെ മണ്ഡലം പ്രസിഡന്റാണ് കെ. ബാലകൃഷ്ണൻ.
ഇടതു കോട്ടയാണെങ്കിലും
മലയോരമണ്ഡലം കാൽനൂറ്റാണ്ടിലേറെയായി ഇടതു കോട്ടയാണ്. 1996 മുതൽ കെ. രാധാകൃഷ്ണൻ ജയിച്ചുകയറിയ മണ്ഡലം. രാധാകൃഷ്ണൻ ആലത്തൂരിൽനിന്നു ലോക്സഭാംഗമായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
ജനങ്ങൾക്കു മുന്പിൽ
കൃഷിക്കാരും പട്ടികജാതിവിഭാഗക്കാരും കോളനികളുമുള്ള മണ്ഡലത്തിൽ ന്യൂനപക്ഷവോട്ടും നിർണായകമാണ്. ആരോഗ്യമേഖല, കാർഷികവിളകളുടെ വിലയിടിവ്, വന്യജീവിപ്രശ്നങ്ങൾ, കുടിവെള്ളം എന്നിവയാണ് ജനങ്ങൾ ഉയർത്തുന്നത്.
ആകെ വോട്ടർമാർ: 2,11,211
പുരുഷൻമാർ: 1,01, 068
സ്ത്രീകൾ: 1,10,140
ട്രാൻസ്ജെൻഡർ: മൂന്ന്.