സമസ്തകേരള സാഹിത്യ പരിഷത്ത് വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കം
Thursday, October 31, 2024 12:20 AM IST
കൊച്ചി: സമസ്തകേരള സാഹിത്യ പരിഷത്തിന്റെ 97-ാം വാര്‍ഷിക സമ്മേളനവും മലയാളഭാഷാ സമ്മേളനവും സമഗ്ര സംഭാവന പുരസ്കാര സമര്‍പ്പണവും നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാളെ രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സമഗ്ര സംഭാവന പുരസ്കാരം സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന് നാടകകൃത്ത് സി.എല്‍. ജോസിന് നല്‍കും. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് സമഗ്ര സംഭാവന പുരസ്കാരം. ചടങ്ങ് പ്രഫ.എം. തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞു നടക്കുന്ന കവി സമ്മേളനം എസ്. ജോസഫ് ഉദ്ഘാടനം ചെയ്യും. രണ്ടിന് രാവിലെ നടക്കുന്ന സെമിനാര്‍ അശോകന് ചെരുവില്‍ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലിന് കൊച്ചിന് മന്‍സൂറിന്റെ മലയാള ഗാനാഞ്ജലി അരങ്ങേറും. വൈകുന്നേരം അഞ്ചിന് ഡോ. ശശി തരൂര്‍ എംപി പ്രഭാഷണം നടത്തും.
മൂന്നിന് രാവിലെ പത്തിന് നടക്കുന്ന സെമിനാര്‍ സുഭാഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്യും. രണ്ടിന് നടക്കുന്ന സമാപന സമ്മേളനം പ്രഫ. എം.കെ. സാനുവും ഉദ്ഘാടനം ചെയ്യും.