റവന്യു വകുപ്പിന്റെ റിപ്പോർട്ടിന് കുറ്റകൃത്യവുമായി ബന്ധമില്ല: മന്ത്രി
Thursday, October 31, 2024 12:20 AM IST
തിരുവനന്തപുരം: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നു മന്ത്രി കെ. രാജൻ.
റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിക്കു കൊടുത്തിട്ടുണ്ട്. ഉടൻതന്നെ റവന്യു മന്ത്രിക്കു ലഭിക്കുമെന്നും പരിശോധിച്ചു മുഖ്യമന്ത്രിക്കു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണമല്ല, റവന്യു വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മരണപ്പെട്ട സാഹചര്യത്തിൽ അതു സംബന്ധിച്ചുള്ള ഫയലുകളുടെ പുരോഗതി, റവന്യു ഉദ്യോഗസ്ഥരുടെയും മറ്റും അഭിപ്രായങ്ങൾ എന്നിവ കേൾക്കുക എന്നതുമാത്രമേ റവന്യു വകുപ്പിന്റെ അന്വേഷണത്തിൽ വരുന്നുള്ളൂ.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസാണ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ നാൾവഴികളെക്കുറിച്ച് പരിശോധിക്കുകയാണു റവന്യു വകുപ്പ് ചെയ്തത്. കോടതിയുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മുന്പിലുള്ള സംഭവത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ഉറച്ച ബോധ്യത്തിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.
നവീൻ ബാബുവിനെതിരേ റിപ്പോർട്ടായി തങ്ങൾക്ക് ഒന്നും കിട്ടിയിട്ടില്ലെന്നും പ്രാഥമിക റിപ്പോർട്ട് മാത്രമാണ് കണ്ടതെന്നും അതു മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു.