വരൾച്ചാ കൃഷിനാശം: സർക്കാർ സഹായം ഇനിയും അകലെ
Thursday, October 31, 2024 12:20 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ അതിരൂക്ഷമായ വേനലിൽ കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ല.
ഇടുക്കി, വയനാട് തൃശൂർ, പാലക്കാട് ജില്ലകളിലായി അൻപതിനായിരത്തിലധികം വരുന്ന കർഷകരുടെ 46,587 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് പൂർണമായോ ഭാഗികമായോ നശിച്ചത്. ഇതിൽതന്നെ ഏറ്റവും കൂടുതൽ നാശമുണ്ടായത് ഇടുക്കി ജില്ലയിലാണ്. പ്രധാനനാണ്യവിളയായ ഏലം കൃഷിക്കു വൻനാശമായിരുന്നു സംഭവിച്ചത്.
ഇടുക്കി ജില്ലയിൽ മാത്രം 29,743 കർഷകരുടെ 33,722 ഹെക്ടർ ഭൂമിയിൽ കൃഷിനാശമുണ്ടായതായി സംസ്ഥാന സർക്കാരിന്റെ വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിൽ 16,211 ഹെക്ടറും ഏലം കൃഷിയാണ്.
മറ്റു ജില്ലകളിൽ വാഴ, കുരുമുളക്, നെല്ല് എന്നീ കൃഷികൾക്കും സംസ്ഥാന വ്യാപകമായി വൻ വിളനാശം സംഭവിച്ചു. ഈ ആഘാതത്തിൽനിന്നു പുറത്തു വരാൻ കർഷകർ ഏറെ പ്രയത്നിക്കേണ്ടിവരുമെന്ന സൂചനയും അന്നു വിദഗ്ധസമിതി നല്കിയിരുന്നു. ഇതേത്തുടർന്ന് കർഷകരെ സഹായിക്കാനായി കേന്ദ്ര പാക്കേജ് ഉൾപ്പെടെയുള്ളവ തേടുമെന്നും സംസ്ഥാന കൃഷിവകുപ്പ് അറിയിച്ചിരുന്നു. സംസ്ഥാന വ്യാപകമായി 257 കോടിയിലധികം രൂപയുടെ നഷ്ടമാണ് അന്ന് പ്രാഥമികമായി കണക്കാക്കിയത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് വ്യാപകമായ കൃഷിനാശം സംഭവിച്ചത്.
ഇടുക്കിയിലും വയനാട്ടിലും നാണ്യവിളകൾക്കു നാശമുണ്ടായപ്പോൾ പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നെൽകൃഷിയും തൃശൂരിൽ വാഴക്കൃഷിയുമാണ് നശിച്ചത്.
അതിരൂക്ഷമായ വേനൽ കൃഷിയെ ബാധിച്ച മേഖലകളിൽ കൃഷിമന്ത്രി ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തിയതാണ്. ഇടുക്കി ജില്ലയിൽ കൃഷിമന്ത്രി പി. പ്രസാദിന്റെയും ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചുചേർത്ത് കർഷകരുടെ ആവലാതികൾ നേരിട്ടറിഞ്ഞതാണ്. കൂടാതെ, അന്നത്തെ പ്ലാന്റേഷൻ സ്പെഷൽ ഓഫീസർ ഹരികിഷോറിന്റെ നേതൃത്വത്തിൽ പ്ലാന്റേഷൻ മേഖലയെ സംബന്ധിച്ച് പ്രത്യേക റിപ്പോർട്ട് തയാറാക്കി നൽകുകയും ചെയ്തു.
എന്നാൽ ആറു മാസം കഴിഞ്ഞിട്ടും കാർഷിക മേഖലയിലോ പ്ലാന്റേഷൻ മേഖലയിലോ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ലഭ്യമായിട്ടില്ലെന്നു കാർഡമം പ്ലാന്റേഷൻ ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ വ്യക്തമാക്കി.
സംസ്ഥാനത്ത് വിള ഇൻഷുറൻസ് പദ്ധതിയിൽ വളരെ കുറച്ച് കർഷകർ മാത്രമാണു പങ്കാളികളായിട്ടുള്ളത്. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ചെറുകിട, നാമമാത്ര കർഷകർ കൃഷി നാശത്തിനു സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പു തുടരുകയാണ്.
വിളനാശം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ തങ്ങൾ കൃത്യമായി തയാറാക്കി സർക്കാരിലേക്കു സമർപ്പിച്ചതായാണ് വില്ലേജ് ഓഫീസുകളിൽനിന്നും കൃഷിഭവനുകളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ നാളിതുവരെയും തുടർനടപടി ഉണ്ടായിട്ടില്ല.
കഴിഞ്ഞ വേനലിൽ സംസ്ഥാനത്ത് നാശനഷ്ടം സംഭവിച്ച പ്രധാന വിളകൾ, വിസ്തീർണം (ഹെക്ടറിൽ) എന്ന ക്രമത്തിൽ.
ഭക്ഷ്യവിളകൾ:
നെല്ല് 6,369
വാഴ 2,883
പച്ചക്കറിവിളകൾ 603
മറ്റു പഴവർഗങ്ങൾ 100
നാണ്യവിളകൾ
ഏലം 30,536
കുരുമുളക്് 3,182
അടയ്ക്ക 1,577
തെങ്ങ് 521
കാപ്പി 261
ജാതി 303
റബർ 336
കൊക്കോ 61
വരൾച്ച കെടുതി
ജില്ല, ആകെ വിളനാശം (ഹെക്ടറിൽ), നാശനഷ്ടം (ലക്ഷത്തിൽ), കർഷകരുടെ എണ്ണം എന്ന
ക്രമത്തിൽ
തിരുവനന്തപുരം: 233 29 181
കൊല്ലം: 125 1102 2,170
പത്തനംതിട്ട: 839 82 757
ആലപ്പുഴ: 805 196 1,331
കോട്ടയം: 255 197 711
ഇടുക്കി: 33,722 17,554 29,743
എറണാകുളം: 779 208 1,541
തൃശൂർ: 3,495 84 6,713
പാലക്കാട്: 3,234 3,246 4,936
മലപ്പുറം: 664 1073 1,327
കോഴിക്കോട്: 692 706 1,501
കണ്ണൂർ: 1,009 488 1,941
വയനാട്: 288 677 2,863
കാസർഗോഡ്: 448 68 1,232