വയനാട്ടിൽ ജനവിധി തേടുന്ന 11 പേർ ഇതര സംസ്ഥാനക്കാർ
Friday, November 1, 2024 3:08 AM IST
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെുപ്പിൽ ജനവിധി തേടുന്നതിൽ 11 പേർ ഇതര സംസ്ഥാനക്കാർ. ഡൽഹി-ഒന്ന്, തമിഴ്നാട്-മൂന്ന്, ഉത്തർപ്രദേശ്-രണ്ട്, കർണാടക-രണ്ട്, ആന്ധ്രപ്രദേശ്-ഒന്ന്, ഗുജറാത്ത്-ഒന്ന്, തെലുങ്കാന-ഒന്ന് എന്നിങ്ങനെയാണ് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സ്ഥാനാർഥികളുടെ എണ്ണം. ആകെ 16 പേരാണു മത്സരരംഗത്ത്. മറ്റു സ്ഥാനാർഥികളിൽ ഒരാൾ ഒഴികെയുള്ളവർ മണ്ഡലത്തിനു പുറത്തുള്ളവരാണ്.
കോണ്ഗ്രസിലെ പ്രിയങ്ക ഗാന്ധിയാണു സ്ഥാനാർഥിപ്പട്ടികയിലെ ഡൽഹിക്കാരി. തമിഴ്നാട്ടിൽനിന്നു സേലം മേട്ടൂർ രാമനഗറിലെ ഡോ.കെ. പദ്മരാജൻ, ചെന്നൈ അണ്ണാനഗർ ഈസ്റ്റിലെ എ. സീത, കോയന്പത്തൂർ മദുക്കരൈയിലെ എ.ആർ. മുഹമ്മദ് എന്നിവരാണു മത്സരിക്കുന്നത്. ഘാസിപ്പുർ സ്വദേശി സോൻഹുസിംഗ് യാദവ്, ഔറാറിയ സ്വദേശി ഗോപാൽ സ്വരൂപ് എന്നിവരാണ് ഉത്തർപ്രദേശിൽനിന്നുള്ള സ്ഥാനാർഥികൾ.
കർണാടകയിൽനിന്നു ബെല്ലാരി വസരപ്പുരിലെ രുക്മിണി, ബിദർ ഹാക്ക് കോളനിയിലെ ഇസ്മയിൽ സാബിയുള്ള, ആന്ധ്രപ്രദേശിൽനിന്നു ഗുണ്ടൂർ മംഗളഗിരിയിലെ ഷേഖ് ജലീൽ, ഗുജറാത്തിൽനിന്നു ഗാന്ധിനഗറിലെ ജയേന്ദ്ര കെ. റാത്തോഡ്, തെലുങ്കാനയിൽനിന്നു ഖൈറത്താബാദ് സ്വദേശി ദുഗ്ഗിരാല നാഗേശ്വരറാവു എന്നിവരാണു മത്സരിക്കുന്നത്.
മറ്റുള്ളവരിൽ ആർ. രാജൻ മാത്രമാണ് വയനാട് മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥി. മണിയങ്കോട് നെടുനിലം സ്വദേശിയാണ് ഇദ്ദേഹം. എൽഡിഎഫിലെ സത്യൻ മൊകേരി കണ്ണൂർ സ്വദേശിയാണ്.
കോഴിക്കാട് എരഞ്ഞിപ്പാലം സ്വദേശിനിയാണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. അജിത്കുമാർ തിരുവനന്തപുരം മഞ്ചൻപാറ നിവാസിയും സന്തോഷ് പുളിക്കൽ കരൂർ സ്വദേശിയുമാണ്.