സ്വർണവില വീണ്ടും റിക്കാർഡിൽ; പവന് 59,520 രൂപ
Thursday, October 31, 2024 12:54 AM IST
കൊച്ചി: സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സംസ്ഥാനത്ത് സ്വര്‍ണവില മുന്നേറുന്നു. ഇന്നലെ ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,440 രൂപയും, പവന് 59,520 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 25 ഡോളറിലധികം വര്‍ധിച്ചതോടെയാണ് ആഭ്യന്തര സ്വര്‍ണ വിലയിലും കുതിപ്പുണ്ടായത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6,130 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83.5 ലക്ഷം രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2,778 ഡോളറും രൂപയുടെ വിനിമയ നിരക്ക് 84.07ഉം ആണ്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കുംതോറും സ്വര്‍ണവിലയും വര്‍ധിക്കുകയാണ്. നവംബര്‍ അഞ്ചിന് മുമ്പുതന്നെ അന്താരാഷ്ട്ര സ്വര്‍ണവില 2,800 ഡോളര്‍ മറികടക്കുമെന്നാണ് സൂചനകള്‍.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് സ്വര്‍ണം ഉയര്‍ന്ന വിലയില്‍ വാങ്ങിക്കൂട്ടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.