പാലക്കാട്ട് : ത്രികോണപ്പോരാട്ടം മുറുകുന്നു
Thursday, October 31, 2024 12:20 AM IST
എം.വി. വസന്ത്
പാലക്കാട്: അക്ഷരാർഥത്തിൽ ത്രികോണപ്പോരാട്ടത്തിനൊരുങ്ങി പാലക്കാട് മണ്ഡലം. ചൂടുപിടിച്ച പ്രചാരണവുമായി സ്ഥാനാർഥികൾ കളംപിടിച്ചപ്പോൾ വിജയത്തിൽ കുറഞ്ഞൊന്നുമല്ല മൂന്നു മുന്നണികളും ലക്ഷ്യമിടുന്നത്. വിവാദപ്രസ്താവനകളും എതിർവാദങ്ങളുമായി നേതാക്കൾ പ്രചാരണരംഗം കൊഴുപ്പിക്കുന്പോൾ ഒട്ടും വിനയം ചോരാതെ വോട്ടഭ്യർഥനയുമായി മുന്നോട്ടുനീങ്ങുകയാണ് സ്ഥാനാർഥികൾ.
യുഡിഎഫ് ക്യാമ്പില്‍ പ്രചാരണം സംബന്ധിച്ച അസ്വാരസ്യങ്ങള്‍ ആദ്യമുയര്ന്നിരുന്നെങ്കിലും ഇപ്പോള്‍ ചിട്ടയിലാണ് കാര്യങ്ങള്‍. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം നിഴല്പോലെയാണു മണ്ഡലത്തിലെ മുൻ എംഎൽഎകൂടിയായ ഷാഫി പറമ്പില്‍ എംപി.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നെങ്കിലും പാലക്കാട് നഗരസഭയില്‍ ഷാഫിക്കുള്ള സ്വാധീനം നേട്ടമാകുമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തിലും വൻ മുന്നേറ്റമുണ്ടാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം മൂന്നു ദിവസം കൂടുമ്പോള്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നേരിട്ടാണു വിലയിരുത്തുന്നത്.
എ പ്ലസ് മണ്ഡലമായ പാലക്കാട് വിജയത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ എന്‍ഡിഎ ലക്ഷ്യമിടുന്നില്ല. ആര്‍എസ്എസാണ് അടിത്തട്ടു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ബിജെപിക്കു മൂത്താന് സമുദായത്തിലുള്ള സ്വാധീനം പാലക്കാട് നഗരസഭയില്‍ മുതല്‍ക്കൂട്ടാകുമെന്നാണു പ്രതീക്ഷ. മുപ്പതിനായിരത്തിലധികം വോട്ട് പാലക്കാട് നഗരസഭയില്‍നിന്ന് എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞതവണ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. പത്തനംതിട്ടയിൽനിന്നുള്ള ഇറക്കുമതി രാഹുൽ, എൽഡിഎഫിന്റെ ഒറ്റപ്പാലത്തുനിന്നുള്ള ഇറക്കുമതി പി. സരിൻ എന്നീ സ്ഥാനാർഥികളേക്കാൾ മികച്ച സ്ഥാനാർഥിയാണ് പാലക്കാട് മണ്ഡലത്തിന്റെ സ്വന്തം സി. കൃഷ്ണകുമാറെന്ന വികാരവും ബിജെപി അഴിച്ചുവിടുന്നു.
കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണിയുടെ പ്രചാരണം മുന്നേറുന്നത്. പി. സരിനെന്ന പഴയ കോണ്‍ഗ്രസുകാരനിലൂടെ കോൺഗ്രസിലെ അതൃപ്തരില്‍ ഒരുവിഭാഗത്തെ ഒപ്പംകൂട്ടാനാകുമെന്നും അവർ പ്രതീക്ഷ വയ്ക്കുന്നു.
സരിനെ സ്ഥാനാർഥിയാക്കിയതില്‍ ഇടതുപ്രവര്‍ത്തകര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ രാഷ്ട്രീയസാഹചര്യം വിശദീകരിച്ചാണ് താഴേത്തട്ടില്‍ എൽഡിഎഫ് കണ്‍വൻഷനുകള്‍ സംഘടിപ്പിക്കുന്നത്. എന്നാൽ പി. സരിന്റെ സ്ഥാനാര്‍ഥിത്വം ഇടതുമുന്നണിയില്‍ നിഷേധവോട്ടുകള്‍ക്ക് ഇടയാക്കുമെന്ന കണക്കുകൂട്ടലിലാണു യുഡിഎഫ്.
ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയ്ക്കു പുറമേ പഞ്ചായത്തുകളില്‍കൂടി കരുത്ത് തെളിയിക്കാനായാൽ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. ആദ്യമേതന്നെ വെടിപൊട്ടിച്ച പി.വി. അൻവറിന്റെ ഡിഎംകെ സംഘടന വന്പൻ റോഡ്ഷോ നടത്തി രംഗം കൊഴുപ്പിച്ചെങ്കിലും പിന്നീട് സ്ഥാനാർഥിയെ നിർത്താതെ പിന്മാറി. സ്ഥാനാർഥി മിൻഹാജിനെ പിൻവലിച്ച പി.വി. അൻവറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിഎംകെ ജില്ലാ സെക്രട്ടറി ബി. ഷമീർ പാർട്ടി വിട്ടു സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.
വിഷയങ്ങൾ, വിവാദങ്ങൾ
ഒട്ടേറെ രാഷ്ട്രീയ ട്വിസ്റ്റുകളും വിവാദവിഷയങ്ങളും ഇതിനകംതന്നെ മണ്ഡലത്തെ ചൂടുപിടിപ്പിച്ചു. സ്ഥാനാർഥി പ്രഖ്യാപനംതന്നെയാണ് ട്വിസ്റ്റുകളിൽ ഒന്നാമത്തേത്. അത്യന്തം സങ്കീർണമായ പ്രക്രിയകളിലൂടെയാണു മൂന്നു മുന്നണികൾക്കും സ്ഥാനാർഥികളെ വോട്ടർമാർക്കു മുന്നിൽ പ്രഖ്യാപിക്കാനായത്.
പ്രചാരണരംഗം കൊഴുപ്പിക്കാൻ മൂന്നു മുന്നണികളുടെ നേതാക്കളും പാലക്കാട്ട് സജീവമായിരുന്നു. കണ്ണൂരിലെ പി.പി. ദിവ്യപ്രശ്നം, തൃശൂർ പൂരം, മുനന്പം വിഷയം, മുന്നണികളിലെ കൊഴിഞ്ഞുപോക്ക്, ഡീൽ വിവാദം, എൻ.എൻ. കൃഷ്ണദാസിന്റെ പട്ടിപ്രയോഗം, സർക്കാരിന്റെ വികലനയങ്ങൾ തുടങ്ങിയവയെല്ലാം കുത്തിയും തിരിഞ്ഞുകുത്തിയും പ്രചാരണവിഷയങ്ങളായി.
മണ്ഡലത്തില്‍ എല്‍ഡിഎഫിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയാണു കത്തുവിവാദം കൊഴുത്തത്. യുഡിഎഫ് സ്ഥാനാര്‍ഥിനിര്‍ണയത്തിനായി ഡിസിസി നേതൃത്വം ഹൈക്കമാന്‍ഡിനു നല്കിയ സ്ഥാനാര്ഥിനിര്ദേശ കത്തും എല്‍ഡിഎഫിനെതിരേ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പുറത്തുവിട്ട കത്തുമാണ് ഇരു പാര്‍ട്ടികളെയും ഒരുപോലെ വെട്ടിലാക്കിയത്.
കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണം എന്നാണ് ഡിസിസി പ്രസിഡന്റ് ഹൈക്കമാന്‍ഡിനു നല്കിയ കത്തില്‍ പറയുന്നത്. ഇതോടെ യുഡിഎഫ് ക്യാമ്പ് പ്രതിരോധത്തിലായി. കത്ത് സിപിഎമ്മിന്റെ സൃഷ്ടിയാണെന്നു വിശദീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് സിപിഎമ്മിനെതിരേ പഴയൊരു കത്തുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തിയത്. 1991 മുതൽ 95 വരെ പാലക്കാട് മുനിസിപ്പാലിറ്റി സിപിഎം ഭരിച്ചപ്പോൾ ബിജെപി പിന്തുണ അഭ്യർഥിച്ചുനൽകിയ കത്താണ് പുറത്തുവിട്ടത്.
മാധ്യമങ്ങള്‍ക്കുനേരേ അധിക്ഷേപപരാമര്‍ശവുമായി സിപിഎം നേതാവ് എന്‍.എന്‍. കൃഷ്ണദാസ് രംഗത്തെത്തിയതും പ്രചാരണരംഗത്തു ചൂടുപിടിച്ച ചർച്ചയായിട്ടുണ്ട്. പാര്‍ട്ടി വിടുകയാണെന്നു പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിനുശേഷം പ്രതികരിച്ച കൃഷ്ണദാസ് മാധ്യമങ്ങളെ അപമാനിച്ചെന്നു പിന്നീട് നേതൃത്വത്തിനും സമ്മതിക്കേണ്ടിവന്നു.
ഡീൽ ആരു തമ്മിൽ...?
വടകരയിലെ സഹായത്തിനു പകരമായി പാലക്കാട്ട് സഹായമെന്ന ഡീലാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ളതെന്ന് ആരോപിച്ചുകൊണ്ട് ഇടതുപക്ഷത്തേക്കു കളംമാറ്റിച്ചവിട്ടിയ പി. സരിനാണു ഡീൽവിവാദത്തിനു തുടക്കമിട്ടത്. തദ്ദേശസ്ഥാപനങ്ങളിലേക്ക് അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ബിജെപിക്കു തുടർഭരണസാധ്യത ഉറപ്പാക്കുന്നതിനാണു ഡീലെന്നും സരിൻ പ്രചാരണത്തിലെന്പാടും പറയുന്നുണ്ട്.
എന്നാൽ, ഡീൽ എൽഡിഎഫും ബിജെപിയും തമ്മിലാണെന്നു യുഡിഎഫ് വാദിക്കുന്നു. സിപിഎം പാർട്ടി സ്ഥാനാർഥിയെ നിർത്താതെ മുന്‍പ് പാർട്ടിയെ വെല്ലുവിളിച്ചുനടന്നയാളെ സ്വതന്ത്രപരിവേഷത്തിൽ രംഗത്തിറക്കുന്നതു ബിജെപിയെ സഹായിക്കാനാണെന്നാണു യുഡിഎഫ് പറയുന്നത്. എന്നാൽ, ഡീൽ ആരു തമ്മിലായിരുന്നെന്നു വോട്ടെടുപ്പുഫലം വരുന്പോൾ തിരിച്ചറിയാമെന്നു ബിജെപിയും പറയുന്നു. ഒരുകാര്യം ഉറപ്പാണ്; വിജയിക്കുന്നത് ആരായാലും രണ്ടാംസ്ഥാനവും ഡീൽവിവാദവുമെല്ലാം തെരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞും ഏറെക്കാലം ചർച്ചയാകും.