ദിവ്യക്കെതിരേ ഉടൻ പാർട്ടി നടപടിയില്ല
Thursday, October 31, 2024 12:20 AM IST
കണ്ണൂര്: എഡിഎം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിരോധത്തിലാക്കിയ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ തത്കാലം നടപടി വേണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പാർട്ടി ഇടപെട്ട് രാജിവയ്പിച്ചിരുന്നു. ജില്ലാ പഞ്ചായത്തംഗമായി ദിവ്യക്കു തുടരാമെന്ന നിലപാടാണു സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. ദിവ്യയുമായി ബന്ധപ്പെട്ട വിഷയം പിന്നീട് ചർച്ച ചെയ്യാമെന്ന നിലപാടിലായിരുന്നു സെക്രട്ടേറിയറ്റ്.
ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ പാർട്ടി നടപടി സ്വീകരിച്ചാൽ ദിവ്യ കുറ്റക്കാരിയാണെന്നു പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി കുറ്റസമ്മതം നടത്തുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാലാണ് ഇതു സംബന്ധിച്ച വിഷയം കൂടുതൽ ചർച്ച ചെയ്യാതെ മാറ്റിവച്ചത്.
പാർട്ടി ഏരിയാ സമ്മേളനങ്ങൾ നാളെമുതൽ ആരംഭിക്കാനിരിക്കേ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.
സമ്മേളന കാലയളവിൽ സാധാരണഗതിയിൽ സിപിഎം പാർട്ടി അച്ചടക്കനടപടി സ്വീകരിക്കാറില്ലാത്തതിനാലാണ് ദിവ്യ വിഷയം കൂടുതൽ ചർച്ചയാക്കാതെ മാറ്റിയതെന്നും പറയുന്നു.
അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അവരെ മാറ്റിയതുതന്നെ പാർട്ടി നടപടിയാണെന്ന രീതിയിലും ചില കേന്ദ്രങ്ങൾ വ്യാഖാനിക്കുന്നുണ്ട്. ദിവ്യക്കെതിരേ ജില്ലാ സെക്രട്ടേറിയറ്റിൽ നടപടി ഉണ്ടായേക്കുമെന്ന രീതിയിലുള്ള ചില സൂചനകൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തേ നൽകിയിരുന്നു.
പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ ദിവ്യക്കെതിരേ നടപടി ഉണ്ടാകുമോ എന്ന് നേരത്തേ മാധ്യമപ്രവർത്തകർ എം.വി. ഗോവിന്ദനോട് ചോദിച്ചപ്പോൾ, അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനമെടുക്കാൻ പാർട്ടിക്ക് കഴിയുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ദിവ്യക്കെതിരേയുള്ള നടപടിയുടെ സൂചനയായാണ് കരുതിയതെങ്കിലും ഇപ്പോൾ നടപടി വേണ്ടന്ന നിലപാടിലേക്കു കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് എത്തുകയായിരുന്നു.