വഖഫ് നിയമഭേദഗതി വന്നാൽ മുനന്പം വിഷയത്തിനും പരിഹാരം: സുരേഷ് ഗോപി
Thursday, October 31, 2024 12:20 AM IST
മുനന്പം: വഖഫ് നിയമഭേദഗതി ബിൽ പാസായാൽ മുനന്പത്തെ ഭൂമി വിഷയത്തിനും പരിഹാരമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുനമ്പത്തെ ഭൂമിയിലുള്ള വഖഫ് അവകാശവാദത്തിനെതിരേ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിവരുന്ന റിലേ നിരാഹാര സമര വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തിനുവേണ്ടി മാത്രമല്ല, സമാന രീതിയിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന രാജ്യത്തെ മറ്റു ഭാഗങ്ങളിലുള്ളവർക്കുകൂടി വേണ്ടിയുള്ളതാണ് ഈ സമരം. നരേന്ദ്രമോദി സർക്കാരും ബിജെപിയും പ്രശ്നപരിഹാരത്തിനായി കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ സമരപ്പന്തലിൽ എത്തിയ സുരേഷ് ഗോപിയെ മുനന്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യർ, ഫാ. ഫ്രാൻസിസ് താനിയത്ത്, ജോസഫ് ബെന്നി കുറുപ്പശേരി, സമരസമിതി കൺവീനർ ജോസഫ് റോക്കി പാലക്കൽ, ഭൂസംരക്ഷണസമിതി ചെയർമാൻ സിജി ജിൻസൺ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സുരേഷ് ഗോപി കൊണ്ടുവന്ന കൊരട്ടിമുത്തിയുടെ ശില്പം മുനന്പം പള്ളി പ്രതിനിധികൾ ഏറ്റുവാങ്ങി. കേന്ദ്രസർക്കാരിനുള്ള നിവേദനം വികാരി കേന്ദ്രമന്ത്രിക്കു കൈമാറി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം ഇ. എസ്. പുരുഷോത്തമൻ, സി.ജി. രാജഗോപാൽ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.