യാക്കോബായ സഭയെ ജീവൻ നൽകി സ്നേഹിച്ച വലിയ ഇടയൻ
Friday, November 1, 2024 2:21 AM IST
മാർ റാഫേൽ തട്ടിൽ
കാക്കനാട്: യാക്കോബായ സുറിയാനി സഭയെ തന്റെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയനെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു.
ഒൻപതര പതിറ്റാണ്ടു നീണ്ട ശ്രേഷ്ഠമായ ജീവിതവും അതിൽ അഞ്ചു പതിറ്റാണ്ടിലേറെയുള്ള ഇടയശുശ്രൂഷയും വഴി ഈ ലോകത്തിൽ പൊതുസമൂഹത്തിന്റെ നന്മയ്ക്കും ദൈവമഹത്വത്തിനും വേണ്ടി ജീവിച്ച വ്യക്തിത്വമാണ് കാലം ചെയ്തിരിക്കുന്നത്.
സിറോമലബാർ സഭയും യാക്കോബായ സുറിയാനി സഭയും തമ്മിൽ സഹോദര ബന്ധമുണ്ട്. മാർത്തോമ്മായുടെ പൈതൃകത്തിലാണു രണ്ടു സഭകളുടെയും വേരുകൾ. ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബാവാതിരുമേനിയുടെ ജീവിതമെന്നു സഭാ ചരിത്രം ഓർമിപ്പിക്കുന്നു. കാരണം, പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലത്താണ് അദ്ദേഹം സഭയെ നയിച്ചത്. വിശ്വാസപരമായും ഭൗതികമായും ആ നേതൃത്വം യാക്കോബായ സഭയ്ക്ക് ബലമായിരുന്നു.
സ്വന്തം സഭയുടെ ആരാധനയിലും തനിമയിലും ആഴത്തിൽ വിശ്വസിക്കുമ്പോഴും ഇതര സഭകളോടും മതങ്ങളോടുമുള്ള ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സൗഹൃദഭാവം വലുതായിരുന്നു.
എക്യുമെനിസത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ദൈവസന്നിധിയിൽ അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ജീവിതത്തിനും സഭയുടെയും സമൂഹത്തിന്റെയും നന്മ ലക്ഷ്യമാക്കിയുള്ള പ്രയത്നങ്ങൾക്കും പ്രതിഫലം ലഭിക്കട്ടേയെന്നു പ്രാർഥിക്കുന്നു. സീറോമലബാർ സഭയുടെ മുഴുവൻ പ്രാർഥനയും അനുശോചനവും യാക്കോബായ സുറിയാനി സഭയെ അറിയിക്കുന്നു.