കണ്ണൂര്‍ കളക്ടർക്കെതിരെ നവീന്റെ കുടുംബം
Friday, November 1, 2024 2:22 AM IST
കോന്നി: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയനുമായി എഡിഎം നവീന്‍ ബാബുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നില്ലെന്ന് ഭാര്യ മഞ്ജുഷ. മുമ്പ് ജോലി ചെയ്തിരുന്ന കളക്ടര്‍മാരുമായി നവീന്‍ നല്ല ആത്മബന്ധം ഉണ്ടായിരുന്നു. ഒരു തെറ്റു പറ്റിയെന്ന് നവീന്‍ ബാബു തന്നോട് പറഞ്ഞുവെന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി കള്ളമാണെന്നും സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ മഞ്ജുഷ പറഞ്ഞു.
യാത്രയയപ്പിനു ശേഷം കളക്ടറോട് ദീര്‍ഘമായി സംസാരിക്കാന്‍ സാധ്യതയില്ല. കളക്ടറുടെ മൊഴിയില്‍ വിശ്വാസമില്ല. മനസില്‍ ഉള്ളതു തുറന്നുപറയത്തക്ക വിധത്തിലുള്ള യാതൊരു ബന്ധവും കളക്ടറുമായി നവീന്‍ ഇല്ലായിരുന്നുവെന്ന് മഞ്ജുഷ പറഞ്ഞു.
കളക്ടറോട് നവീന്‍ ബാബു ഒന്നും തുറന്നുപറയുമായിരുന്നില്ല. ഇവര്‍ തമ്മില്‍ ഒരു തുറന്നുപറച്ചിലുകളും നടന്നിട്ടില്ല. കളക്ടറോട് അവധി ചോദിക്കാന്‍ പോലും അദ്ദേഹത്തിനു മടിയായിരുന്നു.
രാവിലെ വന്നിട്ടു വൈകുന്നേരം തിരികെ കണ്ണൂര്‍ക്കു പോകുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്.
കീഴ്ജീവനക്കാരോട് ഒരിക്കലും സൗഹൃദം കാണിക്കാത്തയാളാണ് കണ്ണൂര്‍ കളക്ടര്‍. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കളക്ടറോട് പറഞ്ഞുവെന്നത് കളക്ടറേറ്റിലെ ജീവനക്കാര്‍ വിശ്വാസിക്കുമെന്ന് തോന്നുന്നില്ല.
സംസ്കാര ദിവസം കളക്ടര്‍ വീട്ടിലേക്ക് വരാന്‍ അനുമതി ചോദിച്ചിരുന്നു. വരേണ്ടെന്നു താന്‍ എടുത്ത തീരുമാനമാണ്. അദ്ദേഹം വീട്ടില്‍ വരുന്നതിനോട് താത്്പര്യമില്ല. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് മഞ്ജുഷ ആവര്‍ത്തിച്ചു. ഏതു ജോലി ആയാലും കൃത്യമായി ചെയ്യുന്ന ആളായിരുന്നു തന്റെ ഭര്‍ത്താവെന്നും മഞ്ജുഷ പറഞ്ഞു.