ദൈവകൃപയുടെ അനര്‍ഗള നിമിഷം: നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്
Thursday, October 31, 2024 12:54 AM IST
ചങ്ങനാശേരി: അതിരൂപതയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത ശുശ്രൂഷയ്ക്കുശേഷം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം തന്റെ പിൻഗാമിക്കായി വഴിമാറുകയാണ്.
മാര്‍ ജോസഫ് പവ്വത്തിലില്‍നിന്ന് ഏറ്റെടുത്ത സാരഥ്യം മാര്‍ പെരുന്തോട്ടം രണ്ടു പതിറ്റാണ്ടോളം ദൈവകൃപയുടെ തണലില്‍ നിര്‍വഹിച്ചു.
പിതാവിന്റെ ആഴമായ ആത്മീയതയും നിഷ്കളങ്കമായ സ്നേഹവും ഇടപെടലുകളും കറയറ്റ സഭാസ്നേഹവും അഗാധമായ ചരിത്രാവബോധവുമെല്ലാം ഈ ശുശ്രൂഷ പ്രശംസാര്‍ഹമായ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
ചങ്ങനാശേരി അതിരൂപതയെ നയിക്കാന്‍ ദൈവനിയോഗം ലഭിച്ച മാര്‍ തോമസ് തറയിലിന് ആശംസകളും പ്രാര്‍ഥനകളും നേരുന്നു. വിവിധങ്ങളായ താലന്തുകളാല് ദൈവം കനിഞ്ഞനുഗ്രഹിച്ച വ്യക്തിത്വമാണ് തറയില്‍ പിതാവിന്റേത്.
ആഗോളസഭയ്ക്ക് അഭിമാനമാകുന്ന ആത്മീയ വളര്‍ച്ചയിലേക്ക് സഭയെ നയിക്കുന്ന ശക്തമായ നേതൃത്വം നല്കാന് ദൈവം പിതാവിനെ ശക്തനാക്കട്ടെ.