കൾച്ചറൽ ഫോറം: നിരോധനം പാടില്ലെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
Thursday, October 31, 2024 12:20 AM IST
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങളുടെയും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളുടെയും കാര്യത്തിൽ സർക്കാർ നിയന്ത്രണമാകാമെന്നും എന്നാൽ പ്രവർത്തനങ്ങൾക്കു നിരോധനം പാടില്ലെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
കൂട്ടായ്മകളും കൾച്ചറൽ ഫോറങ്ങളും പ്രവർത്തിക്കുന്നതിനെ എതിർക്കേണ്ടതില്ല. എന്നാൽ വകുപ്പുകൾ അടിസ്ഥാനമാക്കിയുള്ള കൂട്ടായ്മകൾ, വർഷം തിരിച്ച് സർവീസിൽ കയറിയവർ, ഒരേ വർഷം വിരമിക്കുന്നവർ, ഒരേ കാറ്റഗറിയിൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെയുള്ള കൂട്ടായ്മകൾ നിലവിൽ ധാരാളമുണ്ട്.
ഇത്തരം കൂട്ടായ്മകളുടെയും വാട്സാപ്പ് സമൂഹമാധ്യമ ഗ്രൂപ്പുകളുടെയും പ്രവർത്തനം ചില സന്ദർഭങ്ങളിലെങ്കിലും ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നു. സദുദ്ദേശ്യം മുൻനിർത്തിയാണ്,സർക്കാർ തീരുമാനമെങ്കിൽ അതിനെ അംഗീകരിക്കും.ജീവനക്കാർക്കിടയിൽ ഭരണ സംഘടനകൾക്കെതിരേ ഉയരുന്ന അരാഷ്്ട്രീയ കൂട്ടായ്മകളെ നിർമാർജനം ചെയ്യുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് സർക്കുലർ എങ്കിൽ എതിർക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദും ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമനും പറഞ്ഞു.