വീഴ്ച സംഭവിച്ചത് പോലീസിന് ; ജാമ്യം തേടി ദിവ്യ കോടതിയിൽ
Thursday, October 31, 2024 12:20 AM IST
തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ ജാമ്യം തേടി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചു.
സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുമ്പാകെ ദിവ്യക്കുവേണ്ടി അഡ്വ. കെ. വിശ്വനാണ് ജാമ്യഹർജി ഫയൽ ചെയ്തത്. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനെതിരേ നിർണായകമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രതിഭാഗം ജാമ്യഹർജിയുമായി മുന്നോട്ടു പോകുന്നത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വകുപ്പുതല അന്വേഷണ വിവരങ്ങൾ, പോലീസ് അന്വേഷണത്തിലെ കാര്യങ്ങൾ എന്നിവ കോടതി മുന്പാകെ സമർപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും പ്രതിഭാഗമുയർത്തുന്നുണ്ട്.
നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരേ ലാൻഡ് റവന്യു ഡെപ്യൂട്ടി കമ്മീഷണർ എ. ഗീത നടത്തിയ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രശാന്തനെ സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷൻ ഉത്തരവിൽ നവീൻ ബാബുവിനു കൈക്കൂലി നല്കിയതായുള്ള പരാമർശം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു കൈക്കൂലി വാങ്ങി എന്ന വാദത്തെ ബലപ്പെടുത്തുന്നതായാണ് പ്രതിഭാഗം ഉയർത്തിക്കാട്ടുന്നത്. ഗുരുതര ആരോപണം ഉന്നയിച്ച പ്രശാന്തനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
മുൻകൂർ ജാമ്യം നിഷേധിച്ച സെഷൻസ് കോടതിയുടെ ഉത്തരവിലെ 34-ാം പേജിൽ ജില്ലാ കളക്ടറുടെ മൊഴിയെക്കുറിച്ചു പറയുന്നുണ്ട്. നിർണായകമായ പ്രശാന്തന്റെ മൊഴി എന്തുകൊണ്ട് കോടതിയുടെ മുന്നിൽ എത്തിയില്ല. പ്രശാന്തിന്റ മൊഴി കോടതി പരിശോധിച്ചതായി കാണുന്നില്ല.
അന്വേഷണസംഘം ഈ മൊഴി കോടതിയുടെ മുന്നിൽനിന്നു മനഃപൂർവം മറച്ചുവയ്ക്കുകയായിരുന്നുവെന്നും പ്രതിഭാഗം ആരോപിക്കുന്നു. പ്രശാന്തനെ ചുറ്റിപ്പറ്റിയുള്ള തെളിവുകൾ കോടതിക്കു മുന്നിൽ കൊണ്ടുവരുന്നതിൽ അന്വേഷണസംഘത്തിന് കുറ്റകരമായ വീഴ്ച വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടും.
തെറ്റുപറ്റിയെന്ന് നവീൻ ബാബു കളക്ടറോടു പറഞ്ഞതായി മുൻകൂർ ജാമ്യം തള്ളിയ കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ എഡിഎമ്മിനു പറ്റിയ തെറ്റ് എന്തെന്ന് കളക്ടർ അരുൺ കെ. വിജയനോട് നോട് അന്വേഷണസംഘം ചോദിച്ചിരുന്നോ? നവീൻ ബാബുവിന് പറ്റിയ ആ തെറ്റിനെക്കുറിച്ച് പോലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്? സർവവസ്തുക്കളും പരിശോധിച്ച കോടതിക്കു മുന്നിൽ ഇക്കാര്യങ്ങൾ എത്താത്തത് എന്തുകൊണ്ട്? എ. ഗീതയുടെ റിപ്പോർട്ട് പ്രകാരം പ്രശാന്തൻ ഉന്നയിച്ച ആരോപണം സാധൂകരിക്കലല്ലേ? മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ പോലീസ് ഹാജരാക്കിയ കേസ് ഡയറിയിൽ ഗീതയുടെ അന്വഷണ റിപ്പോർട്ടോ പ്രശാന്തന്റെ മൊഴികളോ ഇല്ലാത്തത് കോടതിയെ തെറ്റിദ്ധരിപ്പിക്കലല്ലേ? തുടങ്ങിയ ചോദ്യങ്ങൾ പ്രതിഭാഗം ഉയർത്തുന്നു.
പ്രശാന്തനെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിച്ച ഗീതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി കോടതിക്കു മുന്നിൽ എത്തിക്കാത്തതു ദുരൂഹമാണെന്നും വാദമുണ്ട്. പ്രശാന്തന്റെ സസ്പെൻഷൻ ഉത്തരവു പോലും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പ്രശാന്തൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ മറച്ചുവയ്ക്കാനാണ് പോലീസ് ഇത്തരം നീക്കങ്ങൾ നടത്തിയിട്ടുള്ളതെന്നാണു പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ 14ന് ഉച്ചയ്ക്ക് 12 മുതൽ 1.45 വരെ പ്രശാന്തൻ കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ അന്വഷണസംഘത്തിനു മൊഴി നൽകിയിരുന്നു. പ്രശാന്തൻ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്കു പോകുന്നതിന്റെയും തിരിച്ചു പോകുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ ലഭിക്കാൻ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ ദീപികയോടു പറഞ്ഞു.
പല ചോദ്യങ്ങൾക്കും മറുപടിയില്ല
കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലല്ലെന്നും സദുദ്ദേശ്യത്തോടുകൂടിയാണെന്നും പി.പി. ദിവ്യ. ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദിവ്യ ഇക്കാര്യം മൊഴിയായി നൽകിയത്. നവീൻ ബാബു ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
നവീൻ ബാബുവിന്റെ മരണത്തിൽ വിഷമമുണ്ട്. കളക്ടറുമായി സംസാരിച്ചാണ് യാത്രയയപ്പ് യോഗത്തിലെത്തിയതെന്നും വീഡിയോഗ്രാഫറെ വിളിച്ചതായും മൊഴി നൽകിയിട്ടുണ്ട്.
അതേസമയം പോലീസിന്റെ പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയില്ല. മൊഴിയെടുക്കുന്ന വേളയിൽ പലപ്പോഴും ദിവ്യ പതറിയിരുന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.