ഉരുൾപൊട്ടൽ: ദുരിതബാധിതർ സമരമുഖത്ത്
Thursday, October 31, 2024 12:20 AM IST
കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതർ ജനശബ്ദം ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി.
പുനരധിവാസ നടപടികൾ ത്വരിതപ്പെടുത്തുക, പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, അർഹതയുള്ള മുഴുവൻ കുടുംബങ്ങളെയും പുനരധിവാസ പദ്ധതി ഗുണഭോക്താക്കളാക്കുക, മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിയന്തര സഹായവും നിത്യവൃത്തിക്കുള്ള തുകയും എല്ലാ ദുരന്തബാധിത കുടുംബങ്ങൾക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക സർക്കാർ പ്രസിദ്ധപ്പെടുത്തുക, മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലുള്ളവരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളുക, പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ കെട്ടിടം ഉടമകളെ ദുരന്തബാധിതരായി പ്രഖ്യാപിച്ച് സഹായം ലഭ്യമാക്കുക, ജോലി നഷ്ടമായ ചുമട്ടുതൊഴിലാളികളെ മറ്റിടങ്ങളിൽ വിന്യസിക്കുക, നിലവിൽ ചൂരൽമലയിൽ താമസിക്കുന്നവർക്ക് മതിയായ ചികിത്സാസൗകര്യം ലഭ്യമാക്കുക, ഡോ. ജോണ്‍ മത്തായി കമ്മിറ്റി റിപ്പോർട്ട് തളളുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.
ഇന്നലെ രാവിലെ 10ന് ആരംഭിച്ച ധർണ ഉച്ചയ്ക്കാണ് സമാപിച്ചത്. ദുരന്തബാധിതരുടെ പ്രതിനിധികളായി 50 പേർ പങ്കെടുത്തു. കർമസമിതി ചെയർമാൻ നസീർ ആലയ്ക്കൽ അധ്യക്ഷത വഹിച്ചു.
അണ്ണയ്യൻ ചൂരൽമല, ജിജിഷ് മുണ്ടക്കൈ, ഉസ്മാൻ മുണ്ടക്കൈ, നൗഫൽ മുണ്ടക്കൈ തുടങ്ങിയവർ പ്രസംഗിച്ചു. കർമ സമിതി കണ്‍വീനർ ഷാജിമോൻ ചൂരൽമല സ്വാഗതവും രാജേന്ദ്രൻ ചൂരൽമല നന്ദിയും പറഞ്ഞു.