ജീവനക്കാരുടെ സാംസ്കാരിക ഒത്തുകൂടലുകൾ വിലക്കി സർക്കാർ
Thursday, October 31, 2024 12:54 AM IST
തിരുവനന്തപുരം: സർവീസ് സംഘടനാ പ്രവർത്തനം ഒഴികെയുള്ള ജീവനക്കാരുടെ ഒത്തുകൂടലുകൾ വിലക്കി സർക്കാർ. ഓഫീസുകളിൽ രൂപീകരിച്ച കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഒഴിവാക്കാൻ നിർദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.
കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള ഒത്തുചേരലുകളും സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ഡിഎ കുടിശിക അടക്കം നൽകാത്ത സർക്കാർ നിലപാടിനെതിരേ ജീവനക്കാരുടെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ ഒത്തുചേരലുകൾ വിലക്കി സർക്കാർ സർക്കുലർ പുറപ്പെടുവിക്കുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം.
അംഗീകൃത സർവീസ് സംഘടനകളുടെ സമ്മേളനങ്ങളും യോഗങ്ങളും ഉൾപ്പെടെ നിരവധി പരിപാടികൾ വകുപ്പ് അടിസ്ഥാനത്തിലും അല്ലാതെയും സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ ഓഫീസുകളിലും നടക്കുന്നുണ്ട്.
ഇതു കൂടാതെ കൾച്ചറൽ ഫോറങ്ങളും മറ്റും രൂപീകരിച്ചുള്ള പരിപാടികളും സംഘടിപ്പിക്കുന്നു. ഓഫീസ് സമയങ്ങളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഓഫീസ് പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയും ജനങ്ങൾക്കു സേവനം ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവെന്നാണു സർക്കാർ പക്ഷം.
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ നിന്നു വിരമിച്ച അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നഗരത്തിലെ പ്രധാന ഹാളിൽ എല്ലാ മാസവും ജീവനക്കാരുടെ ഗാനമേള നടക്കുന്നുണ്ട്. ഉച്ചഭക്ഷണ സമയത്താണു പരിപാടി സംഘടിപ്പിക്കുന്നതെങ്കിലും ഗാനമേള തീരുന്പോൾ ഉച്ചകഴിഞ്ഞു മൂന്നെങ്കിലും കഴിയുന്ന സാഹചര്യമുണ്ട്.
സർവീസ് സംഘടനകളുടെ പരിപാടികൾ ഒഴികെ മറ്റൊന്നും അംഗീകരിച്ചിട്ടില്ല. വിലക്കു ലംഘിച്ചു പരിപാടി സംഘടിപ്പിക്കുന്നവർക്കും പങ്കെടുക്കുന്നവർക്കും എതിരേ കർശ നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.