ജിഎസ്ടിയിൽ സർക്കാർ കൈ മലർത്തി; നഴ്സിംഗ് പ്രവേശനം അനിശ്ചിതത്വത്തിൽ
Thursday, May 16, 2024 1:41 AM IST
തിരുവനന്തപുരം: നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷാഫീസിന് ജിഎസ്ടി ഏർപ്പെടുത്തുന്ന വിഷയത്തിൽ സർക്കാർ കൈ മലർത്തിയതോടെ സംസ്ഥാനത്ത് നഴ്സിംഗ് പ്രവേശനം അനിശ്ചിതത്വത്തിൽ.
ഏകജാലക സംവിധാനത്തിലൂടെ നഴ്സിംഗിന് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫീസിന് 2017 മുതൽ പലിശയും പിഴപ്പലിശയും സഹിതം ജിഎസ്ടി അടയ്ക്കണമെന്ന ആവശ്യമാണ് തർക്കത്തിനു കാരണമായത്. ഇതു വിദ്യാർഥികളിൽനിന്ന് ഇനി ഈടാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മുൻകാല പ്രാബല്യം ഒഴിവാക്കണമെന്നാണ് മാനേജ്മെന്റ് അസോസിയേഷനുകൾ ആവശ്യപ്പെട്ടിരുന്നത്.
ഇക്കാര്യം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇതുസംബന്ധിച്ച് മൂന്നു തവണ സർക്കാരുമായി അസോസിയേഷനുകൾ ചർച്ച നടത്തിയിരുന്നു. എന്നാൽ, പ്രവേശന നടപടികൾ ആരംഭിക്കാറായ സമയത്ത് ജിഎസ്ടി ബാധകമാണെന്ന ഒറ്റ വാചകത്തിലുള്ള ഉത്തരവ് ഇറക്കി ആരോഗ്യവകുപ്പ് മലക്കം മറിഞ്ഞിരിക്കുകയാണ്.
പ്രശ്നം ഏകജാലകത്തിൽ
നഴ്സിംഗ് പ്രവേശനത്തിന് നിലവിലുള്ള ഏകജാലക സംവിധാനം ആരംഭിക്കുന്നത് 2017ലാണ്. സർക്കാരിന്റെ ആവശ്യപ്രകാരം കൂടിയായിരുന്നു ഈ സംവിധാനത്തിലേക്കു മാറിയത്. അതിനുമുന്പ് ഓരോ കോളജും സ്വന്തം നിലയിൽ അപേക്ഷ ക്ഷണിക്കുകയായിരുന്നു.
ഏകജാലക സംവിധാനം വന്നതോടെ വിദ്യാർഥികൾക്ക് ഒരു അപേക്ഷ മാത്രം നൽകിയാൽ മതിയാകും. ഇതുവഴി പല കോളജുകളിൽ അപേക്ഷിക്കുന്നതിനുള്ള അധികച്ചെലവും സമയനഷ്ടവും ഒഴിവാക്കാനായി.
ഓരോ കോളജും സ്വന്തം നിലയിൽ അപേക്ഷ ക്ഷണിച്ചാൽ ജിഎസ്ടി ബാധകമാകില്ലെന്ന നിലപാടിലാണ് ജിഎസ്ടി വകുപ്പ്. അങ്ങനെയെങ്കിൽ പഴയ നിലയിലേക്കു മടങ്ങിപ്പോകാമെന്ന നിലപാടിലാണ് മാനേജ്മെന്റുകൾ. പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന വാക്കിൽനിന്നു സർക്കാർ പിന്നാക്കം പോയതോടെ ഇനിയെന്ത് എന്ന അനിശ്ചിതത്വം നിലനിൽക്കുകയാണ്.
തർക്കവും അനിശ്ചിതത്വവും തുടരുന്നതിനിടെ ഈ വർഷത്തെ പ്രവേശന നടപടികളിലേക്കു കടക്കുന്നതിനും ഇതുവരെ സാധിച്ചിട്ടില്ല. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്നോടിയായി പൂർത്തിയാക്കേണ്ട ഇൻസ്പെക്ഷൻ പോലും ഇതുവരെ നടത്തിയിട്ടില്ല.
സംസ്ഥാനത്ത് നഴ്സിംഗ് പ്രവേശനം അനിശ്ചിതത്വത്തിലാകുന്പോൾ മിടുക്കരായി വിദ്യാർഥികൾ പ്രവേശനം തേടി ഇതരസംസ്ഥാനങ്ങളിലേക്കു പോകുന്ന സ്ഥിതിയാണ് ഉണ്ടാകാൻ പോകുന്നത്.