സ്വന്തം ലേഖകന്‍

കൊച്ചി: ആത്മവിമര്‍ശനത്തിലൂടെ സഭാത്മക ജീവിതം കൂടുതല്‍ ദൃഢമാക്കാന്‍ അല്മായനേതാക്കളും വിശ്വാസി സമൂഹവും തയാറാവണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്മായ കമ്മീഷനും ഓള്‍ ഇന്ത്യ കാത്തലിക് യൂണിയനും കേരള കാത്തലിക് ഫെഡറേഷനും സംയുക്തമായി സംഘടിച്ച കേരള കത്തോലിക്ക അല്മായ അസംബ്ളിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

പൊതുവിഷയങ്ങളില്‍ നല്ല ലക്ഷ്യത്തോടെ വിമര്‍ശനാത്മകമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ഉചിതമാണ്. അതേസമയം, സ്വന്തം നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും കൂടി വിമര്‍ശനവിധേയമാക്കണം. ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന നേതൃത്വമാണു പുതിയ കാലത്ത് ആവശ്യമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അല്മായ നേതൃത്വം രൂപം നല്‍കണമെന്നു സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ സന്ദേശത്തില്‍ പറഞ്ഞു. രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള പ്രവര്‍ത്തന രീതിയല്ല നമുക്കിന്നാവശ്യം. ഇതുവരെയുണ്ടായിരുന്നതിനെക്കാള്‍ സവിശേഷമായ സാമൂഹിക ഇടപെടലാണ് ഉണ്ടാവേണ്ടത്. ഓരോ ദിവസവും ക്രിസ്തുവിനോടു കൂടുതല്‍ അനുരൂപപ്പെടേണ്ടത് സഭാവളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും മാര്‍ ക്ളീമിസ് പറഞ്ഞു.


സമൂഹനിര്‍മിതിയില്‍ ക്രൈസ്തവ പങ്കാളിത്തം: ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ മൂന്നു ദിവസമായി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന അസംബ്ളി ഇന്നലെ ഉച്ചയ്ക്കാണു സമാപിച്ചത്. കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് സമാപനചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അല്മായനേതാക്കള്‍ സഭയ്ക്കും സമൂഹത്തിനും ചെയ്യുന്ന സേവനങ്ങള്‍ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ അധ്യക്ഷത വഹിച്ചു.

ആനുകാലിക രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കി സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്യന്‍ പ്രബന്ധാവതരണം നടത്തി. വിവിധ വിഷയങ്ങളില്‍ കുര്യാസ് കുമ്പളക്കുഴി, ജോണ്‍ കച്ചിറമറ്റം, ബിജു തോമസ് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, റവ.ഡോ.ജോസ് കോട്ടയില്‍, ഫാ.ജേക്കബ് പാലക്കാപ്പിള്ളില്‍, പ്രഫ.വി.എ. വര്‍ഗീസ്, പ്രഫ. ജേക്കബ് ഏബ്രഹാം, സൈബി അക്കര, തോമസ് ആഞ്ഞിപ്പറമ്പില്‍, ജോമോന്‍ മതിലകത്ത്, ബിനോയ്് പള്ളിപ്പറമ്പില്‍, സാബു ജോസ്, ഡോ. കൊച്ചുറാണി ജോസഫ്, ഫ്രാന്‍സിസ് സേവ്യര്‍, ഡെന്നി തോമസ് തെക്കിനേടത്ത്, വി.സി. ജോര്‍ജ്കുട്ടി, എന്‍.എ. സെബാസ്റ്യന്‍, ട്വിങ്കിള്‍ ഫ്രാന്‍സിസ്, അഡ്വ. ആല്‍ബി റെയ്മണ്ട് തുടങ്ങിയവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു.