പിഎം ഉഷ പദ്ധതിക്കു കീഴിൽ കേരളത്തിന് 405 കോടി ലഭിക്കും
Sunday, December 22, 2024 2:06 AM IST
തൃശൂർ: ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പിഎം ഉഷ പദ്ധതിക്കു കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് കേരളത്തിന് അനുവദിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മൂന്നു സർവകലാശാലകൾക്ക് നൂറുകോടി രൂപ വീതമടക്കം ആകെ 405 കോടി രൂപ കേരളം നേടി. കേരള സർവകലാശാല, കാലിക്കട്ട് സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം ലഭിക്കുക.
ഗ്രാൻഡ്സ് ടു സ്ട്രെങ്തൻ യൂണിവേഴ്സിറ്റീസ് വിഭാഗത്തിൽ എംജി സർവകലാശാലയ്ക്ക് ഇരുപതു കോടി രൂപയും ഗ്രാൻഡ്സ് ടു സ്ട്രെങ്തൻ കോളജസ് വിഭാഗത്തിൽ 11 കോളജുകൾക്ക് അഞ്ചു കോടി രൂപ വീതവും ലഭിക്കും. ജൻഡർ ഇൻക്ലൂഷൻ ആൻഡ് ഇക്വിറ്റി വിഭാഗത്തിൽ വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് പത്തു കോടി രൂപ വീതവും ലഭിക്കും.
ആലപ്പുഴ എസ്ഡി കോളജ്, മാറന്പള്ളി എംഇഎസ് കോളജ്, കളമശേരി സെന്റ് പോൾസ് കോളജ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളജ്, ഉദുമ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലം ഫാത്തിമ മാത നാഷണൽ കോളജ്, കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജ്, മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ്, മുട്ടിൽ ഡബ്ള്യു എംഓ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവയ്ക്കാണ് അഞ്ചു കോടി രൂപ വീതം നൽകുക.