സമുദായ നേതാക്കളുമായുള്ള ബന്ധം നല്ലത്: വി.ഡി. സതീശൻ
Sunday, December 22, 2024 1:15 AM IST
കൊച്ചി: കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഏതു നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചാലും അതിന്റെ ഗുണം കിട്ടുന്നത് പാർട്ടിക്കും മുന്നണിക്കുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിവിധ സമുദായ സംഘടനകളുമായി ബന്ധമുണ്ട്. അതിൽ കൂടുതല്‍ സന്തോഷിക്കുന്നത് യുഡിഎഫ് ചെയര്‍മാനെന്ന നിലയില്‍ ഞാനാണ്. എന്‍എസ്എസ് നേതൃത്വം രമേശ് ചെന്നിത്തലയെ വിളിച്ചതു നല്ല കാര്യമാണ്.-സതീശൻ കൊച്ചിയിൽ പറഞ്ഞു.
2026ല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകുമെന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ സന്തോഷവും അഭിമാനവുമുണ്ട്. വി.ഡി. സതീശന്റെ നാക്ക് ശരിയല്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പരിശോധിക്കും. ഞാൻ വിമര്‍ശനത്തിന് അതീതനല്ല.
രാഷ്ട്രീയകാര്യങ്ങളില്‍ മതസംഘടനകള്‍ അമിതമായി ഇടപെടുമ്പോള്‍, രാഷ്ട്രീയവും മതവും തമ്മില്‍ പ്രത്യേകമായ അകലം വേണമെന്ന് കരുതുന്നയാളാണു ഞാന്‍. അതുകൊണ്ട് അവരുമായുള്ള ബന്ധത്തിനോ പരിപാടിക്ക് പോകുന്നതിനോ ഒരു തടസവുമില്ല. നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്.
വിജയരാഘവൻ ജനത്തെ വെല്ലുവിളിക്കുന്നു
വഞ്ചിയൂരില്‍ റോഡ് അടച്ച് സ്റ്റേജ് കെട്ടിയതിനുശേഷം നടത്തിയ പ്രസംഗത്തിലൂടെ സിപിഎം പിബി അംഗം എ. വിജയരാഘവന് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് വി.ഡി. സതീശൻ വിമർശിച്ചു.
അമ്മായി അമ്മയെ കാണാന്‍ പോകുകയാണെന്നു പറയുന്നത് എന്തൊരു ഭാഷയാണ്. ജനങ്ങളെ പരമാവധി ഉപദ്രവിക്കാതിരിക്കാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്.
വയനാട് പുനരധിവാസ പട്ടികയുമായി ബന്ധപ്പെട്ട അപാകത പരിശോധിക്കും. പുനഃസംഘടന സംബന്ധിച്ച് ഒരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ കൊച്ചിയിൽ പറഞ്ഞു.